Connect with us

Gulf

രണ്ടര വയസുള്ള മലയാളി പെണ്‍കുട്ടിക്ക് ബി എം ഡബ്ലിയു സമ്മാനം

Published

|

Last Updated

തനിഷ്‌ക്ക അച്ചനും അമ്മക്കുമൊപ്പം

ദുബൈ: രണ്ടര വയസുള്ള മലയാളി പെണ്‍കുട്ടിക്ക് ഡി എസ് എസ് (ദുബൈ സമ്മര്‍ സര്‍പ്രൈസ്) സമ്മാനമായി ലഭിച്ചത് ആഡംബര കാര്‍. അഭിലാഷ് അയ്യപ്പന്റെ മകള്‍ തനിഷ്‌ക്കയെന്ന രണ്ടര വയസുകാരിക്കാണ് ഡി എസ് എസ് ഭാഗ്യം കടാക്ഷിച്ചത്. മകളുടെ പേര്‍ നറുക്കെടുപ്പിലേക്ക് എഴുതിയിട്ടിരുന്നുവെങ്കിലും ബി എം ഡബ്ലിയു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിലാഷ് പറഞ്ഞു. കാര്‍ സമ്മാനമായി ലഭിച്ചെന്ന് ഫോണില്‍ അറിയിച്ചപ്പോള്‍ പതിവ് തട്ടിപ്പ് വല്ലതുമാവുമെന്നാണ് കരുതിയത്. പത്തു ലക്ഷം ഡോളര്‍ സമ്മാനം അടിച്ചെന്ന് അറിയിച്ച് പലപ്പോഴും മൊബൈലിലേക്ക് കോളുകള്‍ വരാറുണ്ട്. ഇതും അത്തരത്തില്‍ ഒന്നാവുമെന്നാണ് കരുതിയത്.
ഫോണ്‍ കട്ട് ചെയ്യാന്‍ ശ്രമിക്കവേയാണ് മറുതലക്കലുള്ള ആള്‍ മകള്‍ തനിഷ്‌ക്കയെക്കുറിച്ച് ചോദിച്ചത്. കൂപ്പണില്‍ പതിവായി മകളുടെ പേരാണ് എഴുതിയിടാറ്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായാണ് ഒയാസിസ് സെന്ററില്‍ ഷോപ്പിംഗ് നടത്തിയത്. ഇതില്‍ ലഭിച്ച കൂപ്പണാണ് ബി എം ഡബ്ലിയു കാര്‍ ലഭിക്കാന്‍ ഇടയാക്കിയത്. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കാര്‍ എവിടെ സൂക്ഷിക്കുമെന്നതായി പ്രധാന പ്രശ്‌നമെന്നും അഭിലാഷ്.
മകളുടെ പേരില്‍ എടുത്ത കൂപ്പണില്‍ ഐ പാഡ് ഉള്‍പ്പെടെയുള്ളവ അഭിലാഷിന് മുമ്പ് സമ്മാനമായി ലഭിച്ചിട്ടുണ്ട്. ദുബൈയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുകയാണ് അഭിലാഷ് അയ്യപ്പന്‍. അഭിലാഷിനും ഭാര്യക്കും സ്വന്തം കാറുള്ളതിനാല്‍ ബി എം ഡബ്ലിയു വില്‍പ്പന നടത്തി പണം മകളുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കാനാണ് പദ്ധതി. 1.3 ലക്ഷം ദിര്‍ഹം വിലവരുന്ന ബി എം ഡബ്ലിയു സെഡാന്‍ കാറാണ് സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കിടാന്‍ കഴിയുന്നതും വേഗം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം. അടുത്ത മാസം അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന ഡി എസ് എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗാണ് സംഘടിപ്പിക്കുന്നത്.

Latest