Connect with us

Palakkad

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വാളയാറില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു

Published

|

Last Updated

പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ചെക്ക് പോസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വാളയാറില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
ഇതിന്റെഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. വാണിജ്യ നികുതി, ആര്‍ ടി ഒ , എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടം അപര്യാപ്തമായതിനാല്‍ വാണിജ്യ നികുതി വകുപ്പിന് അനുവദിച്ചിട്ടുളള സ്ഥലത്ത് കണ്ടെയ്‌നര്‍ ബോക്‌സ് സ്ഥാപിച്ച് സംയുക്ത ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കും. ഇതിന് സൗകര്യമെരുക്കുന്നതിനായി വനം, കെ എസ് ഇ ബി വകുപ്പുകളുടെ സഹകരണത്തോടെ മരങ്ങള്‍ മുറിച്ചുമാറ്റും.
തമിഴ്‌നാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുളള പാലം കഴിഞ്ഞ് വലത് ഭാഗത്ത് നിര്‍ത്തുന്നതിന് ഈ ഭാഗത്തെ റോഡ് കൂടുതല്‍ സൗകര്യമുളളതാക്കും.
പരിശോധനക്കായി നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് കുടിവെളളം, ടോയ്‌ലറ്റ് എന്നിവ ഒരുക്കുന്നതിനും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വകുപ്പുകളുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ വേ ബ്രിഡ്ജുകള്‍ നന്നാക്കും. വാണിജ്യ നികുതി വകുപ്പിന്റെ വേ ബ്രിഡ്ജുകളില്‍ അംഗീകൃത വ്യക്തികളെ നിയമിക്കണമെന്ന ലോറി ഉടമകളുടെ ആവശ്യം അംഗീകരിക്കും.
തമിഴ്‌നാടില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ മലബാര്‍ സിമെന്റ്‌സ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിന്നും വലതുഭാഗത്തു കൂടി കടത്തി വിട്ട് ട്രാഫിക് കോണുകള്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റിലേക്ക് തിരിച്ചുവിടും.
ഇതിന് പോലീസിനെ സഹായിക്കാനായി ലോറി ഓണേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികളും ഉണ്ടാകും. ഗ്രീന്‍ ചാനല്‍ വഴി പരിശോധന കഴിഞ്ഞെത്തുന്ന വാഹനങ്ങള്‍ വീണ്ടും പരിശോധിക്കാതെ കടത്തിവിടുന്നതിന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ഇ-ഡിക്ലറേഷന്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോറി ഓണേഴ്‌സ് പ്രതിനിധികള്‍ സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്‌കിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന കാര്യം പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഔട്ട് പോസ്റ്റ് നല്‍കുന്ന കേന്ദ്രം കുറച്ചുകൂടി നീട്ടി സ്ഥാപിക്കും.
ചെക്ക് പോസ്റ്റില്‍ വിവിധ വകുപ്പുകള്‍ ജീവനക്കാരെ നിയമിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് യോഗം തീരുമാനിച്ചു.
ആര്‍ ഡി ഒ കെ ശെല്‍വരാജ്, വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ എ എ അബ്ദുളള, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശീദേവി, ഡി വൈ എസ പി എ എ റോക്കി പങ്കെടുത്തു.

 

Latest