Connect with us

Kozhikode

അനാഥാലയങ്ങളിലെ കുട്ടികള്‍ക്കായി അഞ്ച് ലക്ഷം രൂപ വിനിയോഗിക്കും

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ അനാഥാലയങ്ങളില്‍ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനായി 5,23,288 രൂപ ചെലവഴിക്കുന്നതിന് ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി അനുമതി നല്‍കി. തിരഞ്ഞെടുത്ത 20 വിദ്യാര്‍ഥികള്‍ക്കാണ് ഉന്നത വിദ്യാഭ്യാസത്തിനടക്കം തുക വിനിയോഗിക്കുന്നത്. കോഴ്‌സ് ഫീസ്, താമസം, യൂനിഫോം എന്നിവക്കാണ് തുക നല്‍കുന്നുത്. ബി എ, ബി എസ് സി, ബി കോം. എന്നിവക്കായി 10 വിദ്യാര്‍ഥികള്‍ക്കും എം ബി ബി എസിന് ഒരു വിദ്യാര്‍ഥിക്കും ബി ഡി എസിന് മൂന്ന് വിദ്യാര്‍ഥികള്‍ക്കും ബി ഇക്ക് രണ്ട് പേര്‍ക്കും തുക ലഭിക്കും. ബി പി ടി, ബി ഫാം, ബി യു എം എസ് ഫിസിയോതെറാപ്പി എന്നിവക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും തുക നല്‍കും.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആനുകൂല്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കമ്മിറ്റി ചേരുന്നത്. അനാഥാലയങ്ങളിലെ അന്തേവാസികളുടെ വിവാഹത്തിന് സാധൂകരണം നല്‍കുന്നതിനുള്ള അപേക്ഷകള്‍ക്കും അംഗീകാരം നല്‍കി. പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ്, മുഖദാര്‍ സിയസ്‌കോ ഗേള്‍സ് ഹോം എന്നിവിടങ്ങളിലെ അന്തേവാസികളുടെ വിവാഹത്തിനാണ് സാധൂകരണം നല്‍കിയത്. ആഗസ്റ്റ് 26 ന് വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്‌ലാം എച്ച് എസ് എസില്‍ വെച്ച് മദര്‍തെരേസ ദിനം ആചരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.