Connect with us

Ongoing News

മദ്യവില്‍പ്പന: 95 ശതമാനം വര്‍ധനയെന്ന് എക്‌സൈസ്

Published

|

Last Updated

തിരുവനന്തപുരം: 418 ബാറുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ധിച്ചെന്ന വാദവുമായി വീണ്ടും എക്‌സൈസ് വകുപ്പ് രംഗത്ത്. കണക്കുകള്‍ നിരത്തിയാണ് വകുപ്പ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ തുറന്നിരിക്കുന്ന 313 ബാറുകളില്‍ നേരത്തെയുള്ളതിനേക്കാള്‍ 95 ശതമാനം അധിക വില്‍പ്പന ഇപ്പോഴുണ്ടെന്നാണ് കണക്കുകള്‍. ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം വഴി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ വരുമാനം 9373 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 10,000 കോടി കവിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷയെന്നും എക്‌സൈസ് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയാനിടയാക്കിയെന്ന കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉള്‍പ്പടെയുള്ളവരുടെ വാദമാണ് എക്‌സൈസ് വകുപ്പ് തള്ളിക്കളയുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയിട്ടും സംസ്ഥാനത്ത് മദ്യ ഉപഭോഗം വര്‍ധിച്ചെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ ബാബു നേരത്തെ രംഗത്തെത്തിയിരുന്നു. നികുതി ഇനത്തില്‍ സര്‍ക്കാറിന് പ്രതിദിനം 2.8 കോടി രൂപയുടെ വര്‍ധനയുണ്ടെന്നും പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മദ്യ ഉപഭോഗം 83 ശതമാനമായി ഉയര്‍ന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ വാദം വിവാദങ്ങള്‍ക്ക് ആക്കം കൂട്ടും. ബാര്‍ ലൈസന്‍സിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി ഉപ സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് സമവായം സാധ്യമാകാതെ യോഗം പിരിഞ്ഞത്. ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് രംഗത്തെത്തിയത്. ബാര്‍ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി ആറാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കെ പി സി സി, സര്‍ക്കാര്‍ ഏകോപന സമിതിയോഗത്തില്‍ ബാര്‍പ്രശ്‌നം പരിഹരിക്കുന്നതിന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരടങ്ങുന്ന നാലംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു.

 

Latest