Connect with us

Malappuram

മൂര്‍ക്കനാടില്‍ മില്‍മാ പ്ലാന്റിന് സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങി

Published

|

Last Updated

കൊളത്തൂര്‍: മലബാറില്‍ ആറമത്തേതായി ജില്ലയില്‍ ആരംഭിക്കുന്ന പുതിയ മില്‍മ പ്ലാന്റിന് മൂര്‍ക്കനാട്ട് സ്ഥലമേറ്റടുക്കല്‍ നടപടി തുടങ്ങി. സംസ്ഥാന ഉന്നതാധികാര സമിതിക്ക് ആവശ്യമായ സ്ഥലം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കി. മൂര്‍ക്കനാട് പടകളിപ്പറമ്പിനു മുകളിലുള്ള 12 ഏക്കര്‍ സ്ഥലത്താണ് മില്‍മ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ സ്ഥലം പ്ലാന്റ് സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നു മില്‍മ ഉന്നതാധികാര സമിതി കണ്ടെത്തിയിട്ടുണ്ട്. പാല്‍ സംഭരണവും പാല്‍ ഉത്പന്നങ്ങളുടെ വിതരണവും ലക്ഷ്യമാക്കുന്ന പ്ലാന്റ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. 40 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കാന്‍ ശേഷിയുണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് മില്‍മ അധികൃതര്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഗതാഗതം, വെള്ള സൗകര്യം, കെട്ടിടം നിര്‍മാണം എന്നിവ കണക്കിലെടുത്താണ് മൂര്‍ക്കനാടിനെ തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലക്കു പുറമെ പാലക്കാട് ജില്ലയുടെ ചില പ്രദേശങ്ങളും പ്ലാന്റിന്റെ പരിധിയില്‍ വരുന്നുണ്ട്. റവന്യു അക്വസിഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്ഥലമെടുപ്പ്. ജില്ലയില്‍ രൂപവത്കരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണു വ്യാപാരം ലക്ഷ്യമാക്കുന്നത്. നിലവില്‍ മില്‍മയുടെ പ്ലാന്റുകളില്‍നിന്നു വത്യസ്തമായി ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിക്കുന്ന പുതിയ പ്ലാന്റ് വരുന്നതോടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും.

Latest