Connect with us

Thrissur

കനോലി കനാലില്‍ വീണ്ടും മണല്‍ വാരല്‍ തുടങ്ങി

Published

|

Last Updated

വാടാനപ്പള്ളി: രണ്ട് വര്‍ഷത്തെ ഇടവേളക്ക്് ശേഷം കനോലികനാലില്‍ വീണ്ടും അനധികൃത മണല്‍വാരല്‍. റവന്യൂ പോലീസ് അധികാരികളേയും നാട്ടുകാരെയും വെല്ലുവിളിച്ചുകൊണ്ടാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മണലെടുപ്പ്. അന്തിക്കാട്- വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനുകള്‍ക്കിടയിലെ പുലാമ്പുഴ, വലപ്പാട് സ്റ്റേഷന്‍ പരിധിയിലെ കലാഞ്ഞി എന്നിവിടങ്ങളിലാണ് അഞ്ച് വഞ്ചികളില്‍ ദിനംപ്രതി മണല്‍വാരിക്കൂട്ടുന്നത്.
നാട്ടുകാരുടെ പരാതിയും പോലീസ് ഇടപെടലും കാരണമായി രണ്ട് വര്‍ഷം മുമ്പ് പിന്‍വാങ്ങിയ മണല്‍ ലോബി കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തിരിച്ചെത്തിയത്. വന്‍മണല്‍ മാഫിയക്ക് കീഴില്‍ കണ്ടശ്ശാംകടവ്, പടിയം മേഖലയിലുള്ള തൊഴിലാളികളാണ് മണല്‍വാരലില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നാണ് വിവരം. മുന്‍കാലങ്ങളില്‍ പുലര്‍ച്ചെ മൂന്നിന് തോണിയുമായി പുഴയിലിറങ്ങിയിരുന്ന ഇവര്‍ ഇത്തവണ രാവിലെ ആറിനാണ് എത്തുന്നത്.
കോരിയെടുക്കുന്ന മണല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പടിയം, പുലാമ്പുഴ എന്നിവിടങ്ങളില്‍ കരക്കെത്തിച്ച്്് ഉടനെ ലോറിയില്‍ കയറ്റി വില്‍പ്പന നടത്തുകയാണ്. മണലെടുപ്പ്് മൂലം പുഴയുടെ വശങ്ങള്‍ കൂടുതല്‍ ഇടിയുന്നുണ്ട്്്. പ്രദേശത്തെ കിണറുകളില്‍ നീര്‍വാഴ്ച്ച ഉണ്ടാവുകയും വേനലില്‍ ഉപ്പുവെള്ളം നിറയുകയും ചെയ്യുന്നു. നിരവധി വീടുകളുടെ ചുമരുകള്‍ക്ക്്് വിള്ളല്‍ വീണിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കാത്തത് ദുരൂഹമാണ്.