Connect with us

Malappuram

അര്‍ഹരായവര്‍ക്ക് ബി പി എല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പദ്ധതി സമര്‍പ്പിക്കും

Published

|

Last Updated

മലപ്പുറം: അര്‍ഹരായവര്‍ക്കെല്ലാം ബി പി എല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് വിശദമായ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. ഇതിനായി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഈമാസം 29 ന് പ്രത്യേക യോഗം ചേരും.
ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനപ്പുറം സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായാണ് കൂടുതല്‍ പേരും ബി പി എല്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യത്തിന് പ്രത്യേക കാര്‍ഡ് അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമുള്‍പ്പെടുത്തിയായിരിക്കും പദ്ധതി തയ്യാറാക്കുക. റേഷന്‍ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ഇത് പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്.
അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കിയാല്‍ തന്നെ കൂടുതല്‍ പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് നല്‍കാമെന്ന് യോഗം അഭിപ്രായപ്പെട്ടു. അനര്‍ഹമായി ബി പി എല്‍ കാര്‍ഡ് കൈവശം വെക്കുന്ന അയല്‍ക്കാരെ ചൂണ്ടിക്കാണിക്കാന്‍ വൈമനസ്യം കാണിക്കുന്ന പ്രവണത കാരണമാണ് അനര്‍ഹമായ കാര്‍ഡുകള്‍ പലരും കൈവശം വെക്കുന്നത്. ഗ്രാമസഭകള്‍ പോലും വിഫലമാകുന്നത് ഈ പ്രവണത കാരണമാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഉദ്യോഗസ്ഥ സംഘം വീടുകള്‍ തോറും സന്ദര്‍ശിച്ച് നേരിട്ട് പരിശോധന നടത്തിയാല്‍ മാത്രമേ ഫലപ്രദമാവൂയെന്നും അഭിപ്രായമുണ്ടായി.
നിലവില്‍ കാര്‍ഡുടമയോട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള സത്യവാങ്മൂലം ഫലപ്രദമല്ലെന്നും അഭിപ്രായമുണ്ടായി. റേഷന്‍സാധനങ്ങളുടെ കേന്ദ്ര വിഹിതം അപര്യാപ്തമായ സ്ഥിതിക്ക് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമ്പോഴേക്കും അനര്‍ഹരെ ഒഴിവാക്കുന്ന നടപടി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ അമിത് മീണ, ജില്ലാ സപ്ലൈ ഓപീസര്‍ കെ എം ജെയിംസ്, ഉപഭോക്തൃ സംരക്ഷണ സമിതി, ലീഗല്‍ മെട്രോളജി, റേഷന്‍ വ്യാപാരി-മൊത്ത വ്യാപാരി പ്രതിനിധികള്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest