Connect with us

Malappuram

പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പായില്ല

Published

|

Last Updated

കല്‍പകഞ്ചേരി: പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും ആര്‍ച്ചുകളും നീക്കം ചെയ്യണമെന്ന ഉത്തരവ് പ്രഖ്യാപനത്തിലൊതുങ്ങി. അഞ്ച് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമാണ് ഈ പ്രഖ്യാപനം നടത്തിയത്. നേരത്തെയുണ്ടായിരുന്ന പ്രഖ്യാപനത്തില്‍ ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡ് ഉടമസ്ഥര്‍ തന്നെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം പി ഡബ്ല്യു ഡി നീക്കം ചെയ്യുകയും ഇതിന്റെ ചെലവ് സ്ഥാപിച്ചവരില്‍ ഈടാക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു.
എന്നാല്‍ നിരത്തുകളില്‍ ഇത്തരം ബോര്‍ഡുകളും കമാനങ്ങളും ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി റോഡിന് കുറുകെ സ്ഥാപിക്കുന്ന കമാനങ്ങള്‍ ദിവസങ്ങളോളം നിരത്തുകളില്‍ കാണപ്പെടുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഈ നിര്‍ദേശം കാറ്റില്‍ പറത്തുന്നവരുടെ കൂട്ടത്തിലുണ്ട്. നിരത്തുകളിലെ പരസ്യ ബോര്‍ഡുകള്‍ ഗതാഗതത്തിന് തടസമുണ്ടാക്കുകയും അപകടങ്ങള്‍ സ്യഷ്ടിക്കപ്പെടുകയും ചെയ്യുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടികാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അധികാര പരിധിയിലുള്ള റോഡുകളില്‍ ബോര്‍ഡുകള്‍, ബാനറുകള്‍, ആര്‍ച്ചുകള്‍ എന്നിവ സ്ഥാപിക്കാന്‍ ഇനി അനുമതി നല്‍കുകയില്ലെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനമെല്ലാതെ കര്‍ശന നടപടികളുമായി അധിക്യതര്‍ രംഗത്തിറങ്ങാത്തതും ഇത്തരം പരസ്യ ഉപാധികള്‍ റോഡരികില്‍ കൂട്ടാന്‍ ഇടയാക്കി.

Latest