Connect with us

Kozhikode

ലഹരി ഉപയോഗം തടയല്‍: സഹകരിക്കാത്ത വിദ്യാലയങ്ങള്‍ക്കെതിരെ നടപടി

Published

|

Last Updated

കോഴിക്കോട്: വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് ജില്ലാ ഭരണകൂടവും എക്‌സൈസ്, പോലീസ് വകുപ്പുകളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടം അച്ചടക്ക- നിയമ നടപടിക്കൊരുങ്ങുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടര്‍ സി എ ലതയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ ഉന്നയിച്ച് ഇക്കാര്യം അധികൃതരില്‍ നിന്ന് മറച്ചുവെക്കുന്ന പ്രവണതയുണ്ട്. കുട്ടികളില്‍ പല വിധത്തിലുള്ള ലഹരി ഉപയോഗം എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ പോലും ശരീരത്തില്‍ മുറിവുണ്ടാക്കി ലഹരി വസ്തുക്കള്‍ ശരീരത്തില്‍ കടത്തി വിടുന്ന സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പലതരത്തിലുള്ള ലഹരി വസ്തുക്കളുടെയും വില്‍പ്പന തുടരുകയാണ്.
പുക വലി നിര്‍ത്താനുള്ള ഗുളികകള്‍ എന്ന പേരില്‍ സ്‌കൂളുകള്‍ക്ക് സമീപം വിറ്റഴിക്കുന്ന ഗുളികകള്‍ ഒരുതരം അഡിക്ഷന്‍ കുട്ടികളിലുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. നിക്കോട്ടിന്‍ അടങ്ങിയ ഇത്തരം ഗുളികകളുടെ വില്‍പ്പന സ്‌കൂള്‍ പരിസരത്ത് നടത്താന്‍ അനുവദിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു.
ലഹരി ഉപഭോഗം കണ്ടെത്തുന്നതിന് രൂപവത്കരിച്ചിട്ടുള്ള സ്‌കൂള്‍, കോളജ്തല ജാഗ്രതാ സമിതികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു. എക്‌സൈസ്, പോലീസ് വകുപ്പുകള്‍ സംയുക്തമായി ജില്ലയില്‍ വ്യാപകമായി റെയ്ഡ് നടത്താനും തീരുമാനിച്ചു. എക്‌സൈസ് ജോയിന്റ് കമ്മീഷ്ണര്‍ സി എം ഷാനവാസ്, അസി. കമ്മീഷ്ണര്‍ പി കെ സുരേഷ്, റീജ്യനല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സുബാഷ് വി മേനോന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി പ്രസന്നകുമാരി, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം എന്‍ വിജയകുമാര്‍, പോലീസ് അസി. കമ്മീഷ്ണര്‍ സി അരവിന്ദാക്ഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി കെ മോഹനന്‍ സംബന്ധിച്ചു.

Latest