Connect with us

Malappuram

കുരങ്ങ് പനി; പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി

Published

|

Last Updated

നിലമ്പൂര്‍: കുരങ്ങ് പനി കണ്ടെത്തിയ നിലമ്പൂര്‍ കരുളായി വനത്തിലെ ആദിവാസികള്‍ക്ക് നല്‍കാന്‍ പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ തുടങ്ങി.
പൂനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി കര്‍ണ്ണാടക സര്‍ക്കാരിനുവേണ്ടി മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുന്നത്. അതിനാല്‍ വാക്‌സിന്‍ കര്‍ണാടകയില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. 200 വാക്‌സിന്‍ സ്റ്റോക്കുള്ളത് കേരളത്തിന് നല്‍കാമെന്ന് കര്‍ണാടക സമ്മതിച്ചിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇക്കാര്യത്തില്‍ തീരുമാനം ഇന്നെ എടുക്കു.
കര്‍ണാടകയില്‍ നിന്ന് കേരളത്തിന് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് അവിടെയുള്ള ആരോഗ്യരംഗത്തെ പ്രധാനപ്പെട്ടവര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. അതിനായുള്ള യോഗം ഇന്ന് ചേരും. യോഗത്തില്‍ മിക്കവാറും കേരളത്തിനനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയില്‍ തന്നെ മറ്റെവിടെയെങ്കിലും വാക്‌സിന്‍ സ്‌റ്റോക്കുണ്ടെങ്കില്‍ അതും കേരളത്തിന് വീട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം കര്‍ണാടകയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനുള്ള പണം സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്. ഇതിന് സംസ്ഥാന തലത്തിലുള്ള ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് വേണം തീരുമാനമെടുക്കാന്‍. ബോധവത്കരണ ക്ലാസുകള്‍ നല്‍കും. ഇന്ന് രാവിലെ മാഞ്ചീരി കോളനിയിലെത്തിയായിരിക്കും ബന്ധപ്പെട്ടവര്‍ ക്ലാസ് നല്‍കുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ ഫാറൂഖ്, ഡെ. ഡി എം ഒമാരായ ഡോ. നൂന മര്‍ജ, ഡോ. ഇസ്മായില്‍ , ഡോ. ആര്‍ രേണുക, നിലമ്പൂര്‍ മൊബൈല്‍ യൂനിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിജിന്‍ പാലാടന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വനത്തില്‍ പോകുന്നത്. ബോധവത്കരണ ക്ലാസിന് പുറമെ മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest