Connect with us

Gulf

തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം

Published

|

Last Updated

ഷാര്‍ജ: തൊഴിലാളികള്‍ക്ക് സൗകര്യ പ്രദവും സുരക്ഷിതവുമായ താമസസൗകര്യം ഒരുക്കിക്കൊടുക്കാന്‍ സ്ഥാപനമുടമകള്‍ ശ്രദ്ധിക്കണമെന്ന് ഷാര്‍ജ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഖയാല്‍ പറഞ്ഞു.
ഷാര്‍ജ അബൂശഗാറയില്‍ ഒരു കാര്‍ പോളിഷിംഗ് സ്ഥാപനത്തിനുള്ളില്‍ മൂന്ന് തൊഴിലാളികള്‍ മരിക്കാനിടയായ സാഹചര്യത്തിലായിരുന്നു കേണല്‍ സുല്‍ത്താന്റെ നിര്‍ദേശം. പല കമ്പനികളും സുരക്ഷിതമല്ലാത്ത താമസസൗകര്യങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
കമ്പനികളുടെ വെയര്‍ഹൗസിനകത്തും മറ്റും തട്ടുകള്‍ നിര്‍മിച്ചാണ് തൊഴിലാളികള്‍ക്ക് കിടക്കാനുള്ള സൗകര്യം ഉണ്ടാക്കുന്നത്. അനുമതി ഇല്ലാതെയാണ് പല കമ്പനികളും ഇങ്ങനെ തൊഴിലാളികളെ പാര്‍പ്പിക്കുന്നത്. ഇവിടങ്ങളിലെ അന്തരീക്ഷം സദാസമയവും പൊടിപടലങ്ങളും വിഷവാതകവും നിറഞ്ഞവയുമായിരിക്കും. ഇവ ശ്വസിക്കുമ്പോള്‍ വിട്ടുമാറാത്ത ജലദോഷവും തുമ്മലും അലര്‍ജി പോലുള്ള മറ്റ് അസുഖങ്ങളും തൊഴിലാളികളെ ബാധിക്കും. കമ്പനിയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സൗകര്യം ഇല്ലാത്ത ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അസുഖം പിടിപെടുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം തേടാതെയും കഴിയുന്നു. ഇങ്ങനെയുള്ള അസൗകര്യം നിറഞ്ഞ താമസയിടങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കമ്പനികള്‍ക്ക് ശക്തമായ താക്കീത് നല്‍കും.
അബൂശഗാറയില്‍ അമിതമായി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതുകൊണ്ടാണ് തൊഴിലാളികള്‍ മരിക്കാനിടയായതെന്ന് ഷാര്‍ജ പോലീസിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ ഡോ. അബ്ദുള്‍ഖാദര്‍ അല്‍ അംരി കണ്ടെത്തിയിരുന്നു. അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് 75 ശതമാനത്തോളം ശരീരത്തില്‍ കലര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മരിക്കാതെ രക്ഷപ്പെട്ടാലും ഹൃദ്രോഗം പോലുള്ള മറ്റു അസുഖങ്ങള്‍ക്കും ഈ വാതകം കാരണമാകുമെന്ന് വിദഗ്ധ ഡോക്ടര്‍മാരും പറയുന്നു. രണ്ടു ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനുമാണ് മരിച്ച തൊഴിലാളികള്‍.

 

---- facebook comment plugin here -----

Latest