Connect with us

National

എട്ടാം ഘട്ടം: പരസ്യ പ്രചാരണത്തിന് പരിസമാപ്തി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തിലെ പരസ്യ പ്രചാരണം അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ സീമാന്ധ്രമേഖലയിലെ 25, ബീഹാറിലെ ഏഴ്, ഹിമാചല്‍ പ്രദേശിലെ നാല്, കാശ്മീരിലെ രണ്ട്, ഉത്തര്‍പ്രദേശിലെ 15, ഉത്തരാഖണ്ഡിലെ അഞ്ച്, പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
സീമാന്ധ്രയിലെ 175 അസംബ്ലി സീറ്റുകളിലേക്കും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലായിരുന്നു ഇന്നലെ ചൂടേറിയ പ്രചാരണം. രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലായിരുന്നു മോദിയുടെ പ്രചാരണം. ഫൈസാബാദില്‍ രാമക്ഷേത്ര വിഷയവും രാമരാജ്യ ആഹ്വാനവും നടത്തി മോദി വിവാദത്തിലൂടെ സാന്നിധ്യം ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരന്‍ രാഹുലിന് വേണ്ടി പ്രിയങ്ക നടത്തിയ പ്രചാരണം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനാലാണ് അവസാന മണിക്കൂറില്‍ മോദിയെ മണ്ഡലത്തില്‍ ബി ജെ പി പ്രചാരണത്തിനിറക്കിയത്. രാഹുലിന്റെ പിതൃസഹോദര പുത്രന്‍ വരുണ്‍ ഗാന്ധി തൊട്ടടുത്ത സുല്‍ത്താന്‍പുരിയില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.
എല്‍ ജെ പി നേതാവ് രാംവിലാസ് പാസ്വാന്‍ ബീഹാറിലെ ഹാജിപൂരില്‍ നിന്നും മത്സരിക്കും. 900 സ്ഥാനാര്‍ഥികളാണ് നാളെ ജനവിധി തേടുന്നത്. പശ്ചിമബംഗാളിലെ ആറ് സീറ്റുകളില്‍ നിന്ന് 72 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മോദി അഭയാര്‍ഥി കുടിയേറ്റ പ്രശ്‌നങ്ങളുയര്‍ത്തിയാണ് ഇവിടെ പ്രചാരണം നടത്തിയത്. മമതയും മോദിയും പലപ്പോഴും ഏറ്റുമുട്ടി. കടലാസു പുലിയും ബംഗാള്‍ കടുവയുമായിരുന്നു ഇവിടത്തെ പ്രചാരണത്തില്‍ ഉയര്‍ന്ന് കേട്ട വാഗ്വാദങ്ങള്‍. ശാരദാ കേസും മോദി മമതക്കെതിരെ ഉപയോഗിച്ചു.
പശ്ചിമ ബംഗാളിലെ ആറ് സീറ്റുകളാണ് 2009 ല്‍ ഇടതുപക്ഷം നേടിയത്. ഒമ്പത് തവണ തിരഞ്ഞെടുക്കപ്പെട്ട ബസുദേബ് ആചാര്യയും ഇതില്‍പ്പെടുന്നു.
ബീഹാറില്‍ 118 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റിദേവി സരണ്‍ മണ്ഡലത്തില്‍ നിന്ന് നാളെ ജനവിധി തേടും. ബി ജെ പിയുടെ രാജീവ് പ്രതാപ് റൂഡിയാണ് റാബ്‌റിയുടെ എതിരാളി. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ആദ്യഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. നാല് സീറ്റുകളാണ് ഹിമാചല്‍ പ്രദേശിലുള്ളത്. ഉത്തരാഖണ്ഡില്‍ അഞ്ച് സീറ്റുകളുണ്ട്. ബാരമുള്ളയിലും ലഡാക്കിലുമാണ് ജമ്മുകാശ്മീരില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.