Connect with us

Wayanad

പള്ളിയിലെ ഉസ്താദുമാരുടെ മുറിയില്‍ കവര്‍ച്ച നടത്തുന്ന മോഷ്ടാവ് പിടിയിലായി

Published

|

Last Updated

കല്‍പ്പറ്റ: പള്ളിയിലെ ഉസ്താദുമാര്‍ ഇമാമും ജമാഅത്തുമായി നിസ്‌കരിക്കാന്‍ പോവുമ്പോള്‍ ഇവരുടെ മുറിയില്‍ കയറി കവര്‍ച്ച നടത്തുന്ന മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലിസ് പിടികൂടി. കര്‍ണ്ണാടകയിലെ മൈസൂര്‍ സ്വദേശി മുഹമ്മദ് തന്‍സീര്‍ (30)നെയാണ് കവര്‍ച്ച നടത്തിയ പണവുമായി കര്‍ണാടകയിലേക്ക് ബസ്സില്‍ കയറി പോവുമ്പോള്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്ന പൊലിസ് പിടികൂടിയത്.
ബീനാച്ചി ജുമാ മസ്ജിദിലെ ഖത്തീബ് അബൂബക്കര്‍ ബാഖവി അസര്‍ നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ പള്ളിയിലെ ഇദ്ദേഹത്തിന്റെ മുറിയില്‍ കയറി 27,500 രൂപയും മൊബൈല്‍ ഫോണും അപഹരിച്ചു. ഖത്തീബ് ഇന്നലെ വൈകുന്നേരം ഉംറക്ക് പുറപ്പെടാനായി കരുതി വെച്ച തുകയായിരുന്നു ഇത്. നിസ്‌കാരം തീരുന്നതിന് മുമ്പ് മോഷ്ടാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പൊയില്‍ ഇറങ്ങി. നിസ്‌കാരം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയ ഖത്തീബ് പണം അപഹരിക്കപ്പെട്ട വിവരം അറിഞ്ഞ് പള്ളിയില്‍ ഉള്ളവരുടെ ശ്രദ്ധയില്‍ പെടുത്തി. അപരിചിതനായ ഒരാള്‍ നിസ്‌കാരത്തിന് തൊട്ടുമുമ്പ് പള്ളിയിലുണ്ടായിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഇയാളെ കാണാതായത് സംശയം വര്‍ധിപ്പിച്ചു. ബീനാച്ചി ടൗണിലെ ഓട്ടോറിക്ഷക്കാരുമായി ബന്ധപ്പെട്ടപ്പോല്‍ ഹിന്ദി സംസാരിക്കുന്ന യുവാവിനെ കെ എസ് ആര്‍ ടി സി ഡിപ്പൊയില്‍ കൊണ്ടുപോയി വിട്ടവിവരം ഇവര്‍ പറഞ്ഞു. നാട്ടുകാര്‍ ഡിപ്പൊയില്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് കര്‍ണാടക ബസ്സില്‍ കയറി സ്ഥലം വിട്ടിരുന്നു. ബത്തേരി പോലിസില്‍ വിവരമറിയിച്ചപ്പോള്‍ പോലീസ് പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്ന സംഘത്തെ അറിയിച്ചു. ബസ്സ് തടഞ്ഞ് നിര്‍ത്തി ചുവപ്പ് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബസ്സില്‍ നിന്ന് പിടികൂടി. മോഷ്ടിച്ച തുകയില്‍ 25000 രൂപ ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് കൈമാറിയതാണെന്ന് സംശയിക്കുന്നു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പല പള്ളികളിലെ ഇമാമുമാരുടെ മുറിയിലും കവര്‍ച്ച നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ അസര്‍ നമസ്‌കാരത്തിന് ശേഷം ബീനാച്ചി ഖത്തീബ് നേരത്തെ നിശ്ചയിച്ച പോലെ ഉംറക്ക് പുറപ്പെടുകയും ചെയ്തു.

Latest