Connect with us

Kozhikode

മലയോര മേഖലകളിലെ ആശങ്ക തുടരുന്നു

Published

|

Last Updated

കോഴിക്കോട്: ഇ എഫ് എല്‍ പിരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലയിലെ മലയോര മേഖലകളില്‍ രൂപപ്പെട്ട ആശങ്കയും പ്രതിസന്ധിയും തുടരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും ഇതിനാല്‍ സ്വന്തം ഭൂമി ക്രയവിക്രയം നടത്താന്‍ മലയോര കര്‍ഷകര്‍ക്ക് കഴിയില്ല എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. റിപ്പോര്‍ട്ട് നടപ്പായാല്‍ സ്വന്തം ഭൂമിയിലെ വസ്തുക്കള്‍ ഉപയോഗിക്കാനാകില്ലെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വലിയ തോതില്‍ മരങ്ങള്‍ മുറിച്ചുവില്‍ക്കുകയാണ്. സ്വന്തം ഭൂമിയിലെ വിലകൂടിയ മരങ്ങളായ തേക്ക്, വീട്ടി, പ്ലാവ്, മഹാഗണി തുടങ്ങിയ മരങ്ങളാണ് മുറിച്ചുവില്‍ക്കുന്നത്.

വര്‍ഷങ്ങളുടെ അധ്വാനത്താല്‍ വളര്‍ത്തിയെടുത്ത മരങ്ങള്‍ തുച്ഛമായ വിലക്കാണ് വില്‍പ്പന നടത്തുന്നത്. പുതുപ്പാടി, കോടഞ്ചേരി, ചക്കിട്ടപ്പാറ, നെല്ലിപ്പൊയില്‍ കൂടരഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് വ്യാപകമായുള്ളത്. സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനും പാസ് വേണമെന്ന നിയമമുണ്ട്. ഇത്തരത്തില്‍ പാസെടുത്തും അല്ലാതെയും മരങ്ങള്‍ മുറിച്ചുവില്‍ക്കുകയാണ്.
പലയിടത്തും മുറിച്ചിട്ട മരങ്ങള്‍ ശരിയായ വിലകൊടുത്ത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. മലയോര കര്‍ഷകരെ ആശങ്കയിലാഴ്ത്തി മരങ്ങള്‍ കൈക്കലാക്കാനുള്ള ഫര്‍ണിച്ചര്‍ ലോബികളുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത വന്നത് മുതല്‍ മലയോര മേഖലകളില്‍ നിര്‍മാണ മേഖലയില്‍ രൂപ്പപ്പെട്ട സ്തംഭവാനവസ്ഥ തുടരുകയാണ്. പാവപ്പെട്ടവര്‍ക്കായുള്ള സര്‍ക്കാറിന്റേതടക്കമുള്ള പല ഭവന പദ്ധതികളുടെയും നിര്‍മാണം മുടങ്ങി. ക്വാറി- ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ വീട് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വലിയ വില നല്‍കിയാണ് പുറത്ത് നിന്ന് എത്തിക്കുന്നത്. പുതുതായി വീട് വെക്കാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു. ഭൂമി വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. മലയോര മേഖലകളിലെ ടൗണുകളില്‍ പോലും ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രതിസന്ധി തുടരുന്നതിനിടെ റബ്ബര്‍ അടക്കമുള്ള കാര്‍ഷിക ഉത്പ്പനങ്ങളുടെ വില തകര്‍ച്ചയും മലയോര ജനതക്ക് ഇരുട്ടടിയായിരിക്കുകയാണ്.

Latest