Connect with us

Ongoing News

ബൂത്തുതല കണക്കെടുപ്പില്‍ ഇരുപക്ഷവും വിജയിച്ചു

Published

|

Last Updated

കോഴിക്കോട്: മുന്നണികള്‍ അഭിമാന പോരാട്ടമായി കാണുന്ന കോഴിക്കോടിനെയും വടകരയെയും ചൊല്ലി തിരഞ്ഞെടുപ്പിന് ശേഷവും ആവകാശവാദം വിടാതെ ഇരുപക്ഷവും രംഗത്ത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തുണ്ടായിരുന്ന അതേ വീറും വാശിയിലുമാണ് വോട്ട് പെട്ടിയിലായതിന് ശേഷവും ഇരു ക്യാമ്പും. കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം ഇരു മുന്നണികളും സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കണക്കില്‍ കോഴിക്കോടും വടകരയും വിജയ പട്ടികയിലാണ്. ഉറച്ച മണ്ഡലങ്ങളായാണ് ഇടതു മുന്നണിയും വലതു മുന്നണിയും വടകരയെയും കോഴിക്കോടിനെയും കാണുന്നത്. ബൂത്തുതല കണക്കെടുത്താണ് മുന്നണികള്‍ സംസ്ഥാന നേതൃത്വത്തിന് വിവരം കൈമാറിയത്.
കോഴിക്കോട് മണ്ഡലത്തില്‍ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് എല്‍ ഡി എഫിന്റെ കണക്ക്. ഇത് എല്‍ ഡി എഫിന്റെ ഉറച്ച വോട്ടുകളാണെന്നും ഇടതു മതേതര വോട്ടുകളും യു ഡി എഫിനും യു പി എക്കും എതിരായ ഭരണവിരുദ്ധ വോട്ടുകളും കൂടി ചേരുമ്പോള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നുമാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്. കൊടുവള്ളി മണ്ഡലത്തിലൊഴികെ മറ്റു മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, കുന്ദമംഗലം, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്നതായും വിലയിരുത്തുന്നുണ്ട്. എലത്തൂര്‍, ബാലുശ്ശേരി, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ നിന്ന് നേടുന്ന ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് കണ്ണുവെക്കുന്നത്. കഴിഞ്ഞ തവണ എല്‍ ഡി എഫിനെതിരായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായതായും ഇത്തവണ അത്തരത്തിലൊരു സാഹചര്യമില്ലാത്തത് ഗുണകരമാകുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗം വിലയിരുത്തി.
അതേസമയം, കോഴിക്കോട് മണ്ഡലത്തില്‍ മികച്ച വിജയമുണ്ടാകുമെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്ക് പറയുന്നത്. എലത്തൂര്‍, ബാലുശ്ശേരി, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ ഇടതു മുന്നണി നേടുന്ന മുന്‍തൂക്കത്തെ കൊടുവള്ളി മണ്ഡലം കൊണ്ട് മറികടക്കുമെന്നും കുന്ദമംഗലം ഒപ്പത്തിനൊപ്പം പിടിക്കുമെന്നുമാണ് യു ഡി എഫിന്റെ അനുമാനം. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ വോട്ടായിരിക്കും എം കെ രാഘവന്റെ ഭൂരിപക്ഷമെന്നും യു ഡി എഫ് ഉറപ്പിക്കുന്നു.
വടകരയില്‍ ഇരുപതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് എ എന്‍ ഷംസീര്‍ വിജയിക്കുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നു. ഉറച്ച വോട്ടുകള്‍ക്കൊപ്പം മറ്റു വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വര്‍ധിച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. തലശ്ശേരിയില്‍ നിന്ന് ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷവും നാദാപുരം, പേരാമ്പ്ര, കുറ്റിയാടി എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച ലീഡും വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളിക്ക് ലഭിക്കുന്ന നേരിയ ലീഡിനെ മറികടക്കാന്‍ ധാരാളമാണെന്നുമാണ് വിലയിരുത്തല്‍. കൂത്തുപറമ്പില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നാണ് എല്‍ ഡി എഫ് കണക്കാക്കുന്നത്. രമ മത്സരരംഗത്തില്ലാത്തതിനാല്‍ ആര്‍ എം പി കാര്യമായി വോട്ട് പിടിക്കില്ലെന്നും ഇവരുടെ വോട്ടുകളില്‍ ഒരു വിഭാഗം മുല്ലപ്പള്ളിക്കൊപ്പമായിരിക്കുമെന്നും എല്‍ ഡി എഫ് കാണുന്നുണ്ട്. കഴിഞ്ഞ തവണ കണക്കെടുപ്പ് തെറ്റിയതിനാല്‍ ഇത്തവണ കോഴിക്കോടും വടകരയിലും ശ്രദ്ധയോടെയാണ് എല്‍ ഡി എഫ് ബൂത്തുതല കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍, വടകരയില്‍ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം കുറയുമെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ അമ്പത്തിയാറായിരം നേടിയ ഭൂരിപക്ഷം ഇത്തവണ ഇരുപതിനായിരത്തില്‍ നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. വടകരയില്‍ പതിനയ്യായിരവും കൊയിലാണ്ടിയില്‍ ആറായിരവും കൂത്തുപറമ്പില്‍ മുവ്വായിരവും ലീഡ് നേടുമെന്നാണ് കണക്ക്. കുറ്റിയാടി പിടിച്ചു നിര്‍ത്തുമെന്നും തലശ്ശേരി, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് എല്‍ ഡി എഫിന് ലഭിക്കുന്ന ഭൂരിപക്ഷം മറ്റിടങ്ങളിലെ വോട്ട് കൊണ്ട് മറികടക്കുമെന്നുമാണ് യു ഡി എഫ് കാണുന്നത്. കൊലപാതക രാഷ്ട്രീയം ഇത്തവണവും എല്‍ ഡി എഫ് അനുഭാവികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് യു ഡി എഫ് പെട്ടിയിലാക്കുമെന്നുമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സി പി എം ഏറെ പ്രതിരോധത്തിലായ പ്രദേശമെന്ന നിലയില്‍ വടകരയും കോഴിക്കോടും എല്‍ ഡി എഫിന്റെ അഭിമാന പോരാട്ടമായിരുന്നു. ഈ നിലയില്‍ രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധാപൂര്‍വമാണ് കോഴിക്കോട്ടേയും വടകരയിലേയും ഫലം പ്രതീക്ഷിക്കുന്നത്.

Latest