Connect with us

Articles

ക്ഷയരോഗം എന്ന വെല്ലുവിളി മുറിച്ചുകടക്കാന്‍

Published

|

Last Updated

ഇന്ന് ലോക ക്ഷയരോഗ ദിനം. ക്ഷയരോഗത്തിന് ഹേതുവായ ബാക്ടീരിയകളെ കണ്ടെത്തിയതിന്റെ ഓര്‍മക്കാണ് രാജ്യാന്തര തലത്തില്‍ ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ മാത്രം നാല് ലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിക്കുന്ന ഈ മാരകരോഗത്തിന് മരുന്ന് കണ്ടുപിടിച്ച് 132 വര്‍ഷം പിന്നിട്ടിട്ടും ഇത് പൂര്‍ണമായി വിപാടനം ചെയ്യാന്‍ വൈദ്യശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 19-ാം നൂറ്റാണ്ട് വരെ ലോകത്ത്””ഏഴില്‍ ഒരാളുടെ മരണത്തനിടയാക്കിയ ചുമ”യുടെ കാരണം തേടിയുള്ള വൈദ്യശാസ്ത്രത്തിന്റെ അന്വേഷണത്തിനൊടുവില്‍ 1882 മാര്‍ച്ച് 24 നാണ് ക്ഷരോഗത്തിന് കാരണമായ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയകളെ കണ്ടെത്തുന്നത്. പ്രമുഖ ജര്‍മന്‍ ശാസ്ത്രജ്ഞനായ സര്‍ റോബര്‍ട്ട് കോക്കിന്റെ നേതൃത്വത്തിലുള്ള ഭിഷഗ്വര സംഘമാണ് ഈ മഹത്തായ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
വൈദ്യശാസ്ത്ര മേഖലയില്‍ വന്‍ പുരോഗതിക്ക് വഴിയൊരുക്കിയ സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച ലെന്നക്ക്, ഇംഗ്ലീഷ് കാല്‍പ്പനിക കവി ജോണ്‍ കീറ്റസ്, ഇംഗ്ലീഷ് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോര്‍ജ് ഓര്‍വല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായികയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ഭാര്യയുമായ കമലാ നെഹ്‌റു, ഇന്ത്യയിലെ പ്രഥമ ഭിഷഗ്വര ആനന്ദി ബായി, പ്രമുഖ റഷ്യന്‍ ഭിഷഗ്വരന്‍ ആന്റണ്‍ ചെക്കോവ്, ഫ്രഞ്ച് വിദ്യാഭ്യാസ വിചക്ഷണന്‍ ലൂയിസ് ബ്രൈയിലി, ചെറുപ്രായത്തിലേ വേദപണ്ഡിതനായ വിചിത്ര വീര്യന്‍ തുടങ്ങിയവരുടെയെല്ലാം ജീവനെടുത്തത് ഈ മഹാമാരിയായിരുന്നു. ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ ക്ഷയരോഗാണുബാധിതനാണ്. ഇക്കൂട്ടത്തില്‍ പത്ത് ശതമാനം പേരെ രോഗം വളരെ പെട്ടെന്ന് കീഴടക്കുന്നു. പ്രമേഹം, പുകവലി, വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ പാര്‍പ്പിടം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് രോഗാണുബാധിത അവസ്ഥയില്‍ നിന്ന് ഇക്കൂട്ടരെ ഈ നിത്യരോഗത്തിലേക്ക് തള്ളിവിടുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന് കാരണമാകുന്ന അണുക്കള്‍ വായുവിലൂടെയാണ് പകരുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയും ക്ഷയരോഗം തന്നെയാണ്. ഓരോ രോഗിയും വായു വഴി രോഗാണു പകര്‍ത്തുന്നതിലൂടെ പ്രതിദിനം 10 മുതല്‍ 15 വരെ പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുകയാണ്. ഇതുപ്രകാരം ലോകത്താകെ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം പുതിയ രോഗികള്‍ ഉണ്ടാകുകയും ഇതില്‍ പതിനെട്ട് ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ലക്ഷം പേര്‍ പുതുതായി രോഗബാധിതരാകുമ്പോള്‍ ഇതില്‍ നാല് ലക്ഷം പേരാണ് മരിക്കുന്നത്. എന്നാല്‍ രാജ്യത്തെ 40 ശതമാനം പേരും ക്ഷയരോഗാണുബാധിതരാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന വിവരം. ലോകത്ത് ഓരോ മൂന്ന് മിനിട്ടിലും രണ്ട് പേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം എച്ച് ഐ വി ബാധിതരെല്ലാം പ്രധാനമായും നേരിടുന്ന ഒരു രോഗഭീഷണി ക്ഷയമാണ്. ഇങ്ങനെ വന്നാല്‍ ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്ഷരോഗികളുള്ള ഇന്ത്യയില്‍ 22 ലക്ഷത്തോളം എച്ച് ഐ വി ബാധിതരുമുണ്ടെന്നിരിക്കെ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ ക്ഷയരോഗികളുടെ എണ്ണം നിയന്ത്രണാതീതമാകും. ഇതുവഴി ക്ഷയരോഗത്തിന്റെ വ്യാപനത്തിനുള്ള സാധ്യത ഏറെ ആശങ്കയുണര്‍ത്തുന്നതാണ്.
ക്ഷയരോഗത്തിനായി ലോകരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഡോട്ട് ചികിത്സ ഏറെ ഫലപ്രദമാണ്. എങ്കിലും ചികിത്സ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇടക്കു വെച്ച് നിര്‍ത്തുന്നവരില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗാണുബാധയായി രൂപപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗാണുക്കളും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കളാകുമെന്നത് ഭീതിയുണര്‍ത്തുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ക്ഷയരോഗത്തിന് ചികിത്സ തേടിയ 24,000 ലധികം പേരില്‍ 82 ശതമാനം പേരും രോഗശമനം നേടിയെന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷം കഫ പരിശോധനക്ക് വിധേയരായ 3.6 ലക്ഷം പേരില്‍ 15,064 പേരെയാണ് രോഗ ബാധിതരായി കണ്ടെത്തിയത്. ഇവരില്‍ 5795 പേരും ശ്വാസകോശ ക്ഷയരോഗികളായിരുന്നു. ഇക്കൂട്ടത്തില്‍ നേരത്തെ രോഗം പിടിപെട്ടിരുന്ന 2380 പേര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ അവ്യക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് രോഗം നിര്‍ണയിക്കപ്പെടാത്ത പത്ത് ലക്ഷത്തോളം ക്ഷയരോഗാണുബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്താണ് ക്ഷയരോഗം
ലോകത്ത് ക്ഷയ രോഗം മരണം വിതക്കാന്‍ തുടങ്ങിയിട്ട് 90,000 വര്‍ഷം പിന്നിട്ടെന്നാണ് ചരിത്രം പറയുന്നത്. രോഗകാരണം കണ്ടുപിടിക്കാത്ത അക്കാലത്ത് സമീകൃതാഹരവും വായു സഞ്ചാരമുള്ള പാര്‍പ്പിട സംവിധാനവും ഉപയോഗിച്ചാണ് രോഗത്തെ പ്രതിരോധിച്ചിരുന്നത്. മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന രോഗാണു മൂലം പകരുന്ന ക്ഷയരോഗം രണ്ട് തരമുണ്ട്. ഒന്ന് ശ്വാസകോശത്തെ ബാധിക്കുന്ന പകരുന്ന സ്വഭാവമുള്ളതും മറ്റൊന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന പകര്‍ച്ചാ സ്വഭാവമില്ലാത്തതും. ശ്വാസകോശ ക്ഷയരോഗമുള്ള ഒരാള്‍ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ തെറിക്കുന്ന കഫത്തിന്റെ ചെറിയ കണികകളിലൂടെ വായുവിലെത്തുന്ന ആയിരക്കണക്കിന് ക്ഷയരോഗാണുക്കള്‍ ശ്വാസവായു ഉള്ളിലേക്കെടുക്കുന്നതിലൂടെ മറ്റുള്ളവരിലുമെത്തുന്നു.
രോഗലക്ഷണങ്ങള്‍
രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, വിട്ടുമാറാത്ത പനി, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, കഫത്തില്‍ രക്താംശം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗ പ്രതിരോധ ശേഷി കുറയുന്ന അവസരങ്ങളിലാണ് രോഗാണു രോഗബാധയായി മാറുന്നത്. പ്രമേഹരോഗികള്‍, പോഷകാഹാരക്കുറവുള്ളവര്‍, എച്ച് ഐ വി ബാധിതര്‍, പുകവലിക്കാര്‍, ലൈംഗിക തൊഴിലാളികള്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗ നിര്‍ണയവും തുടര്‍ ചികില്‍സയും
രോഗനിര്‍ണയത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കഫ പരിശോധനയാണ്. ചിലപ്പോള്‍ എക്‌സ്‌റേയും ചില നൂതന മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്. മരുന്ന് സേവിക്കാന്‍ തുടങ്ങിയാല്‍ ചികിത്സകന്‍ നിര്‍ദേശിക്കുന്നതുവരെ തുടരുകയും ഒരു തവണ പോലും മുടക്കം വരുത്താതിരിക്കുകയും വേണം. കുട്ടികളിലെ ക്ഷയരോഗം നിര്‍ണയിക്കുന്നതിന് മാന്റോക്‌സ് പരിശോധനയും ശിശുരോഗ വിദഗ്ധന്റെ സേവനവും തേടണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്. പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുകയും രോഗം പൂര്‍ണമായി ഭേദപ്പെടുന്നതുവരെ തുടരുകയും ചെയ്യുക. ആറ് മുതല്‍ എട്ട് മാസം വരെയാണ് ചികിത്സാ കാലയളവ്. ഇതിനിടെ ഇടക്കിടെ കഫം പരിശോധിച്ചു ചികിത്സാ പുരോഗതി അറിയാനാകും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest