Connect with us

Wayanad

യു ഡി എഫ് കോട്ടയില്‍ പോരാട്ടം കനക്കും

Published

|

Last Updated

യു ഡി എഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായാണ് വയാനാട് ലോക്‌സഭാ മണ്ഡലം പരിഗണിക്കുന്നത്. മലയോര കര്‍ഷകരും ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ന്യൂനപക്ഷ വിഭാഗങ്ങളും വിധി നിര്‍ണയിക്കുന്ന മണ്ഡലം. മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലം രാജ്യത്ത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ജില്ലകളില്‍ ഒന്നാണ്. ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധാഗ്നി ജ്വലിച്ച് നില്‍ക്കുന്ന കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ മികച്ച പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മലയോര മേഖലകളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ പരമാവധി മുതലെടുക്കാനാകുമെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. എന്നാല്‍, കോണ്‍ഗ്രസിന്റെയും പ്രധാന ഘടകക്ഷിയായ മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ വോട്ടുകള്‍കൊണ്ട് തന്നെ ജയിക്കാന്‍ കഴിയുമെന്ന് യു ഡി എഫ് ഉറച്ച് വിശ്വസിക്കുന്നു. മലയോര മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം മികച്ച സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തെത്തുന്നതോടെ മത്സരം വീറും വാശിയും നിറയും.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് 2008ലാണ് വയനാട് മണ്ഡലം രൂപവത്കരിച്ചത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മലയോര മണ്ഡലങ്ങളാണ് വയനാടിന്റെ പരിധിയിലുള്ളത്. ഇതില്‍ കല്‍പ്പറ്റ, ബത്തേരി, തിരുവമ്പാടി എന്നിവ നേരത്തെ കോഴിക്കോട് മണ്ഡലത്തിന്റെയും നിലമ്പൂര്‍, വണ്ടൂര്‍ എന്നിവ മഞ്ചേരി മണ്ഡലത്തിന്റെയും ഭാഗമായിരുന്നു. നേരത്തെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന വടക്കേ വയനാട് ഇല്ലാതായി. പകരം മാനന്തവാടി, ഏറനാട് നിയമസഭാ മണ്ഡലങ്ങള്‍ രൂപംകൊണ്ടു. ഒറ്റ നോട്ടത്തില്‍ തന്നെ യു ഡി എഫിന്റെ ശക്തി കേന്ദ്രമാണെന്ന് ബോധ്യമാകുന്ന മണ്ഡലം. 2009ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഇത് സ്ഥിരീകരിക്കപ്പെട്ടു. കോണ്‍ഗ്രസിലെ എം ഐ ഷാനാവാസ് 1,53,439 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിഭക്ഷത്തിന് എല്‍ ഡി എഫിലെ സി പി ഐ സ്ഥാനാര്‍ഥി അഡ്വ. എം റഹ്മത്തുല്ലയെ പരാജയപ്പെടുത്തി. 2009ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിഭക്ഷമായിരുന്നു ഇത്.
ഷാനവാസ് 4,10,703 വോട്ട് നേടിയപ്പോള്‍ റഹ്മത്തുല്ലക്ക് 2,57,264 വോട്ടേ നേടാനായുള്ളു. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് തനിച്ച് മത്സരിച്ച കെ മുരളീധരന്‍ 99,663 വോട്ട് നേടി ശ്രദ്ധേയ പ്രകടനം നടത്തി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യു ഡി എഫിന്റെ ഭൂരിഭക്ഷത്തില്‍ ഇടിവുണ്ടായി. ഒന്നര ലക്ഷം ഭൂരിഭക്ഷം 88,082 ആയി ചുരുങ്ങി. എങ്കിലും ഏഴ് നിയമസഭാ മണ്ഡലങ്ങളും യു ഡി എഫ് നിലനിര്‍ത്തി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ ഡി എഫിന്റെ പ്രചാരണ ആയുധങ്ങള്‍ക്ക് മൂര്‍ച്ചയേറെയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ മലയോര ജനത ഒന്നാകെയുള്ള പ്രതിഷേധമാണ് ഇതില്‍ പ്രധാനം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ മലയോര മേഖലകളില്‍ ജീവിക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. പ്രതിഷേധ പോസ്റ്ററുകളും യോഗങ്ങളും സജീവമാണ്. സിറ്റിംഗ് എം പി എം ഐ ഷാനവാസിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ആരോപണവുമുണ്ട്. എം പിയെ അംഗീകരിക്കില്ലെന്ന് കാണിച്ച് വയനാട് സംരക്ഷണ സമിതിയുട പോസ്റ്ററുകള്‍ ജില്ലയില്‍ പ്രചരിക്കുന്നു. ക്രിസ്തീയ സഭകള്‍ നേരിട്ട് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. മലയോര സംരക്ഷണ സമിതി സ്വന്തം നിലക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഇതിനകം അറിയിച്ച് കഴിഞ്ഞു. ഇതിന് പുറമെ വയനാട് പാക്കേജ് നടപ്പിലാക്കാത്തതും ദേശീയപാത 12 മുത്തങ്ങയിലൂടെയുള്ള രാത്രിയാത്രാ നിരോധം പിന്‍വലിക്കാന്‍ കഴിയാത്തതും എല്‍ ഡി എഫ് എടുത്തു കാട്ടുന്നു. നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍വേ, ചുരം ബദല്‍ റോഡ് തുടങ്ങിയ വിഷയങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നും നടന്നില്ലെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ വിജയം നേടിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അട്ടിമറിക്കാന്‍ കഴിമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. ഇതിന് ഉദാഹരണമായി 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, തിരുവമ്പാടി മണ്ഡലങ്ങളിലെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കരട് വജ്ഞാപനം ഇറക്കുന്നതോട പ്രതിഷേധം അവസാനിക്കുമെന്ന് യു ഡി എഫ് കണക്ക്കൂട്ടുന്നു. യു ഡി എഫിന്റെ പരമ്പരാഗത വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാകില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. വയനാട് മെഡിക്കല്‍ കോളജിനും നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പ്പാതയുടെയും പ്രാരംഭ നടപടികള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയതും ആദിവാസി മേഖലയില്‍ ഭൂ വിതരണം നടത്താന്‍ കഴിഞ്ഞതും വോട്ടായി മാറുമെന്ന് യു ഡി എഫ് വിശ്വസിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ കിട്ടിയ വോട്ടുകള്‍ അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
എല്‍ ഡി എഫില്‍ സി പി ഐയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യന്‍ മൊകേരിയെ സ്ഥാനാര്‍ഥിയാക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
യു ഡി എഫ് സ്ഥാനാര്‍ഥി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. സിറ്റിംഗ് എം പി. എം ഐ ഷാനവാസ് സീറ്റിനായി ശക്തമായി രംഗത്തുണ്ട്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖിന്റെ പേരും പ്രധാനമായി പരിഗണനയിലാണ്. ഘടക കക്ഷിയായ മുസ്‌ലിം ലീഗിന് സിദ്ദീഖ് മത്സരിക്കണമെന്ന അഭിപ്രായമാണ്. സിദ്ദീഖിന് സീറ്റ് ഉറപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നീക്കം നടത്തുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിക്കായി ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കസ്തൂരിരംഗനില്‍ കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ മലയോര സംരക്ഷണ സിമിതിയുടെ സ്ഥാനാര്‍ഥിയും രംഗത്തുണ്ടാകും. പരമാവധി വോട്ടുകള്‍ പിടിക്കാനുള്ള വാശിയില്‍ ബി ജെ പിയും പ്രചാരണ രംഗത്ത് നിറയുന്നതോടെ വയനാട്ടില്‍ ഇത്തവണ പോരാട്ടം ആവേശം വിതറും.