Connect with us

Palakkad

അലനല്ലൂരില്‍ മള്‍ട്ടി ഗെയിംസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം തുടങ്ങി

Published

|

Last Updated

മണ്ണാര്‍ക്കാട്: കളിസ്ഥലങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും വിവിധ ഗെയിംസ് ഇനങ്ങള്‍ക്കുളള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുമായുളള മള്‍ട്ടി- സ്‌പോര്‍ട്‌സ് പ്ലെ സ്‌പെയ്‌സ് പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച സിന്തറ്റിക്ക് പ്രതലത്തിലുള്ള മള്‍ട്ടി ഗെയിംസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം തുടങ്ങി.
മുപ്പത്തിരണ്ട് മീറ്റര്‍ നീളവും പത്തൊമ്പത് മീറ്റര്‍ വീതിയും ഉള്ള സ്റ്റേഡിയത്തിന്റെ സോളിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എം എല്‍ എ അഡ്വ. എന്‍ ശംസുദ്ദീന്റെ ആവശ്യപ്രകാരം സംസ്ഥാന സ്‌പോര്‍സ് യുവജനകാര്യ വകുപ്പാണ് പദ്ധതി അലനല്ലൂരിന് അനുവദിച്ചത്. വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, ലോണ്‍ ടെന്നീസ്, മിനി ടെന്നീസ്, ഖൊ-ഖൊ, സോഫ്റ്റ് ബാള്‍, ബാഡ്മിന്‍ഡണ്‍ തുടങ്ങിയവക്കും മറ്റു മൈനര്‍ ഗെയിമുകള്‍ക്കുമുളള സിന്തറ്റിക്ക് സ്റ്റേഡിയമാണ് അലനല്ലൂരില്‍ ഒരുങ്ങുന്നത്. ഗ്രൗണ്ടിന്റെ വടക്ക് പടിഞ്ഞാറ്ഭാഗത്തായാണ് സ്റ്റേഡിയം തയ്യാറാക്കുന്നത്. മെറ്റല്‍ സോളിംഗ് കഴിഞ്ഞാല്‍ ബിറ്റുമിന്‍ മെക്കാഡം കോണ്‍ക്രീറ്റിംഗ് നടത്തി സിന്തറ്റിക്ക് പ്രതലം സ്ഥാപിക്കും. ഇതില്‍ വിവിധ ഗെയിമിനങ്ങള്‍ക്കുള്ള അളവുകള്‍ക്കനുസരിച്ച് കോര്‍ട്ട് സ്ഥിരമായി വരച്ചിട്ട നിലയിലായിരിക്കും. സ്റ്റേഡിയത്തിനു ചുറ്റും ചെറിയ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി അതില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയും ചെയ്യും.
ഒരു വശത്ത് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും ഉണ്ടാകും. മികച്ച ഫുട്ബാള്‍ ഗ്രൗണ്ടായ അലനല്ലൂരില്‍ മള്‍ട്ടി ഗെയിം സ്റ്റേഡിയം കൂടി വരുന്നതോടെ കളിക്കമ്പക്കാരുടെ പ്രധാന കേന്ദ്രം ഇവിടെയാകും. എന്നാല്‍, ഫുട്‌ബോള്‍ ഗ്രൗണ്ടിനെ ഇപ്പോള്‍ വരുന്ന സ്റ്റേഡിയം ബാധിക്കുമെന്ന ആശങ്കയുമുണ്ട്.—ഫുട്‌ബോള്‍ കളിക്കുള്ള സ്ഥലം അപഹരിക്കാതിരിക്കുവാന്‍ പുതിയ സ്റ്റേഡിയത്തില്‍ ഗ്യാലറികള്‍ സ്ഥാപിക്കാതെയാണ് ഇതിന്റെ നിര്‍മാണം.—ഇതിനകം തന്നെ ജില്ലയിലെ മികച്ച മൈതാനമായ അലനല്ലൂര്‍ ഹൈസ്‌ക്കൂളില്‍ ഫുട്‌ബോള്‍ ഹോസ്റ്റല്‍ ലഭ്യമാക്കാനുളള നടപടിയായിട്ടുണ്ടെന്ന് എം എല്‍ എ ശംസുദ്ദീന്‍ പറഞ്ഞു. ഫുട്‌ബോള്‍ ഹോസ്റ്റലിന് ആവശ്യമായ കെട്ടിടങ്ങള്‍ സ്‌കൂളില്‍ ഇപ്പോള്‍ നിര്‍മിക്കാന്‍ ഇടമില്ലാത്തത് ഇതിന് തടസ്സമാകും. ഹോസ്റ്റല്‍ കെട്ടിടം പുറത്തും മൈതാനം സ്‌കൂളിലും ഒരുക്കി ഫുട്‌ബോള്‍ ഹോസ്റ്റല്‍ അനുവദിക്കാനായിരിക്കും ഇനി ശ്രമം. പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ ഹോസ്റ്റലും സ്റ്റേഡിയവും നിര്‍മിക്കാന്‍ കഴിയുമോ എന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്താനും.

Latest