Connect with us

Kasargod

സഅദിയ്യ: 215 യുവ പണ്ഡിതര്‍ കര്‍മപഥത്തില്‍

Published

|

Last Updated

സഅദാബാദ് (കാസര്‍കോട്): ജ്ഞാനനേതൃത്വത്തിന്റെ കര്‍മ മുന്നേറ്റങ്ങള്‍ ശക്തി പകരുമെന്ന സന്ദേശവുമായി പതിനായിരങ്ങള്‍ സംഗമിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ 44-ാം വാര്‍ഷികത്തിന് സനദ് ദാന മഹാസമ്മേളനത്തോടെ സമാപനം.
സഅദിയ്യ നാല് പതിറ്റാണ്ട് കൊണ്ട് സമൂഹമനസ്സില്‍ ചെലുത്തിയ സ്വാധീനം വിളിച്ചോതുന്നതായിരുന്നു മൂന്ന് ദിനങ്ങളിലായി താജുല്‍ ഉലമ നഗറിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. ഉന്നത പണ്ഡിതരുടെയും സാദാത്തുക്കളുടെയും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെയും പ്രമുഖരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രൗഢ വേദിയില്‍ 215 യുവ പണ്ഡിതരാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടി സമൂഹസേവനത്തിന് ഇറങ്ങിയത്.
വിശാലമായ നഗരി കവിഞ്ഞൊഴുകിയ പുരുഷാരത്തെ ഉള്‍ക്കൊള്ളാനാകാതെ മേല്‍പ്പറമ്പ് മുതല്‍ ദേളി വരെ വീര്‍പ്പ് മുട്ടി. നിറഞ്ഞൊഴുകിയ പ്രവര്‍ത്തക വ്യൂഹം സുന്നി പ്രാസ്ഥാനിക നേതൃത്വത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് രാത്രി വൈകി പിരിഞ്ഞുപോയത്. ഇന്നലെ വൈകിട്ട് അഞ്ചിന് തുടങ്ങിയ സമാപന പരിപാടികള്‍ അവസാനിക്കുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു.
സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതം ആശംസിച്ചു. ദുബൈ മതകാര്യവകുപ്പ് ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ധാര്‍മിക പരിപോഷണത്തിനും ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശ പ്രചാരണത്തിനും യുവ പണ്ഡിതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനവസ്ത്ര വിതരണം സഅദിയ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നിര്‍വഹിച്ചു.
സയ്യിദ് അലി ബാഫഖി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദി പറഞ്ഞു.
രാവിലെ നടന്ന സഅദി സംഗമം സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലും സമസ്ത ഉപാധ്യക്ഷനുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
കെ കെ എം സഅദി പാലക്കാടി, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു. തുടര്‍ന്ന ദഅ്‌വ സംഗമത്തില്‍ ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി അലിഗഢ്, ഉബൈദുല്ലാ സഅദി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രണ്ട് മണിക്ക് പണ്ഡിത സമ്മേളനം സയ്യിദ് സൈനുല്‍ ആബീദീന്‍ ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, കെ കെ അഹ്മ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, വി പി എം ഫൈസി വില്ല്യാപ്പള്ളി, മൊയ്തീന്‍ കുട്ടി ബാഖവി പ്രസംഗിച്ചു.
സഅദിയ്യ നിര്‍മിക്കുന്ന താജുല്‍ ഉലമ സൗധത്തിന്റെ ശിലാസ്ഥാപനം ദുബൈ മത കാര്യ ഗവേഷണ വകുപ്പ് മേധാവി അലി അബ്ദുല്ല അല്‍ റൈസ് നിര്‍വഹിച്ചു. മുഹമ്മദ് സ്വലാഹുദ്ദീന്‍ മഹ്മൂദ് ഇബ്‌റാഹിം ദുബൈ, അബ്ദുര്‍റഹീം ഫൈസി ജിദ്ദ തുടങ്ങിയവര്‍ ചടങ്ങിനെത്തിച്ചേര്‍ന്നു.