Connect with us

Articles

ക്യാന്‍സറിനെതിരെ ഒത്തൊരുമിച്ച് പൊരുതാം

Published

|

Last Updated

 cancerഇന്ന് ലോക ക്യാന്‍സര്‍ ദിനം

മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. ഇതിന്റെ വ്യാപനം അനുദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ട്. അമ്പതിനായിരത്തോളം ക്യാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത്, “കേരള ക്യാംപെയിന്‍ എഗന്‍സ്റ്റ് ക്യാന്‍സര്‍” എന്ന ബൃഹത്തായ ബോധന നിയന്ത്രണ ചികിത്സാ പദ്ധതി, ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക്, തിരുവനന്തപുരം വി ജെ ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയാണ്.
ആരോഗ്യകുടുംബക്ഷേമ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് ബ്രസ്റ്റ് (മാറിടം)ക്യാന്‍സറും ഗര്‍ഭാശയ ക്യാന്‍സറുമാണ്. വായിലെ ക്യാന്‍സറാണ് പുരുഷന്മാരില്‍ കൂടുതല്‍. ഇവ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ 90 ശതമാനത്തോളം പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. അത് ലളിതവും ചെലവ് കുറഞ്ഞതുമാണ്. ഇതിനാണ് ഈ ബൃഹത് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
തിരുവനന്തപുരം ജില്ലയിലും എന്‍ പി സി ഡി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുമാണ് ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതി നടപ്പിലാക്കും. വീടുകള്‍തോറും സര്‍വേ, ക്യാന്‍സര്‍ സ്‌ക്രീനിംഗ്, ബ്രസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവക്കുള്ള പ്രാരംഭ പരിശോധന, രോഗനിര്‍ണയം, അര്‍ബുദപൂര്‍വ മാറ്റങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്കും അര്‍ബുദബാധിതര്‍ക്കും വിദഗ്ധ ചികിത്സ, തുടര്‍ പരിശോധനാ സംവിധാനങ്ങള്‍, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം സംബന്ധിച്ച കണക്കെടുപ്പ്, പൊതുജന ബോധവത്കരണം എന്നിവ ഉള്‍പ്പെട്ടതാണ് കര്‍മപദ്ധതി.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാത്തോളജിസ്റ്റുകള്‍ക്കുമുള്ള പരിശീലനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയിലെ ഡോക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവര്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം എന്നിവയും പന്ത്രണ്ടിന കര്‍മ പദ്ധതിയുടെ ഭാഗമായി നടത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും രോഗനിര്‍ണയ സംവിധാനം സജ്ജമാണ്. ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഗുഡ്കയും പാന്‍ മസാലയും നിരോധിച്ചത് ക്യാന്‍സര്‍ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയെ പുകയില വിമുക്ത ജില്ലയായി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം ജില്ലയെ ഉടന്‍ പ്രഖ്യാപിക്കും.
തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടായും മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററായും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 120 കോടി രൂപ ചെലവിലാണ് ആര്‍ സി സിയെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുക. ഇതു സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കൊച്ചി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ടെര്‍ഷ്യറി ക്യാന്‍സര്‍ സെന്ററുകള്‍ (മിനി ആര്‍ സി സികള്‍) ഉടന്‍ ആരംഭിക്കും. ഇതിനായി ബജറ്റില്‍ ഏഴ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 4.9 കോടി രൂപ വീതം കേന്ദ്ര സഹായവും ലഭ്യമാക്കിവരുന്നുണ്ട്. ഇവയില്‍ കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ക്കും തിരുവനന്തപുരം ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവക്കും 4.9 കോടി രൂപ വീതമുള്ള കേന്ദ്രസഹായം ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞു. എറണാകുളത്തും കോഴിക്കോട്ടും ടെര്‍ഷ്യറി കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് 45 കോടി രൂപ വീതം കേന്ദ്ര സഹായമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം ടെര്‍ഷ്യറി ക്യാന്‍സര്‍ സെന്ററിന് അനുവദിച്ച തുക, കൊച്ചി മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടിയും വിനിയോഗിക്കും. മെഡിക്കല്‍ കോളജുകളില്‍ നിലവില്‍ റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മാത്രമാണുള്ളത്. മിനി ആര്‍ സി സികളായി ഉയര്‍ത്തുന്നതോടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള റേഡിയേഷന്‍ ചികിത്സാ ഉപകരണങ്ങള്‍ ഇവിടെ സജ്ജമാക്കും. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി എന്നീ വിഭാഗങ്ങള്‍കൂടി ആരംഭിക്കും. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍ ഇപ്പോള്‍ത്തന്നെ സജ്ജമാക്കിവരികയാണ്. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡും സംസ്ഥാനവിഹിതവും ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുന്നത്. വളരെ കൃത്യതയോടെ റേഡിയേഷന്‍ ചികിത്സ നടത്താന്‍ സഹായിക്കുന്ന ഈ ഉപകരണം കോട്ടയം മെഡിക്കല്‍ കോളജില്‍ മാത്രമാണുള്ളത്.
ആര്‍ സി സി, എം സി സി, മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് സംസ്ഥാനവ്യാപകമാണ്. നേരത്തെ, മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളെ ആശ്രയിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഇത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വലിയ സാമ്പത്തികച്ചെലവും ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസിക പ്രയാസങ്ങളും സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഓരോ ജില്ലയിലെയും പ്രധാന ആശുപത്രിയില്‍ ജില്ലാ ക്യാന്‍സര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓങ്കോളജിസ്റ്റുകളുടെ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍, സര്‍വീസിലുള്ള മറ്റ് ഡോക്ടര്‍മാര്‍ക്ക് ആര്‍ സി സിയിലും എം സി സിയിലും പ്രത്യേക പരിശീലനം നല്‍കിയാണ് ഈ സെന്ററുകളില്‍ നിയമിച്ചിട്ടുള്ളത്. ഇവരെ സഹായിക്കുന്ന നഴ്‌സുമാര്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സെന്ററുകളിലൂടെ ഇതിനകം 1600ല്‍ അധികം കീമോതെറാപ്പികളും അനുബന്ധ ചികിത്സകളായ അസൈറ്റിക് ഫഌൂയിഡ് ടാപ്പിംഗ്, ട്രാന്‍സ്ഫ്യൂഷന്‍, പാലിയേറ്റീവ് കീമോതെറാപ്പി മുതലായവയും നല്‍കിക്കഴിഞ്ഞു.
ക്യാന്‍സര്‍ ചികിത്സാ രംഗം നേരിടുന്ന പ്രധാന പ്രശ്‌നമാണ് റേഡിയോ തെറാപ്പി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ ക്ഷാമം. ഇത് പരിഹരിക്കാന്‍ ആര്‍ സി സിയില്‍ എം ഡി റേഡിയോതെറാപ്പി, എം ഡി ഡയഗണോസിസ്, ഡി എം മെഡിക്കല്‍ ഓങ്കോളജി, ഡി എം പീഡിയാട്രിക് ഓങ്കോളജി, എം സി എച്ച് സര്‍ജിക്കല്‍ ഓങ്കോളജി എന്നീ കോഴ്‌സുകള്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടു കൂടി ആരംഭിച്ചുകഴിഞ്ഞു. മെഡിക്കല്‍ കോളജുകളിലെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട പി ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ചികിത്സാച്ചെലവില്‍ ഇന്നും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഗമാണ് ക്യാന്‍സര്‍. ഇതിനാല്‍ തന്നെ, ഒട്ടേറെ സഹായപദ്ധതികള്‍ ഈ സര്‍ക്കാര്‍, ഇതിനകം ആവിഷ്‌കരിച്ചുനടപ്പിലാക്കിയിട്ടുണ്ട്. കാരുണ്യ ബനവലന്റ് ഫണ്ടിലൂടെയും കാരുണ്യ ഫാര്‍മസികളിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയുമാണ് ഏറ്റവും കൂടുതല്‍ സഹായമെത്തിക്കുന്നത്. ഇവക്കു പുറമെ, ആര്‍ എസ് ബി വൈ, ചിസ് പ്ലസ് എന്നീ പദ്ധതികളിലൂടെയും സഹായമെത്തിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് ഒരു കോര്‍പ്പറേറ്റ് ഫണ്ട് തന്നെ എന്‍ ആര്‍ എച്ച്എം മുഖേന ലഭ്യമാക്കിയിട്ടുണ്ട്. നോണ്‍പ്ലാന്‍ ഫണ്ട് വഴി ക്യാന്‍സര്‍ ചികിത്സ ലഭിച്ച എല്ലാ രോഗികള്‍ക്കും പ്രതിമാസം 800 രൂപയുടെ സഹായവും എത്തിക്കുന്നുണ്ട്.
മരണത്തിന്റെ വ്യാപാരി എന്ന അപഖ്യാതിയില്‍ നിന്നും ക്യാന്‍സറിനെ വിമുക്തമാക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ ലോകമെങ്ങും നടന്നുവരികയാണ്. അവ മാനവരാശിയെ ക്യാന്‍സര്‍ എന്ന മഹാവിപത്തില്‍ നിന്നും രക്ഷിക്കുകതന്നെ ചെയ്യും. ജീവിതശൈലീരോഗങ്ങളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന ക്യാന്‍സറിനെ ഓരോരുത്തരും കരുതലോടെ കാണണം. അനുഭവസ്ഥരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, രോഗം വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. “കേരള ക്യാമ്പയിന്‍ എഗന്‍സ്റ്റ് ക്യാന്‍സര്‍” പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

Latest