Connect with us

Editorial

ചെറുകക്ഷികളുടെ പ്രസക്തി?

Published

|

Last Updated

അടുത്ത ദിവസങ്ങളിലായി മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പിന് കേരളം സാക്ഷ്യം വഹിച്ചു. സി എം പി, പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, ജെ എസ് എസ് എന്നീ പാര്‍ട്ടികളാണ് രണ്ടാഴ്ചക്കിടെ വിഘടിച്ചത്. ഈ മാസം 11 നാണ് സി എം പിയില്‍ പിളര്‍പ്പ് പൂര്‍ത്തിയായത്. നേരത്തെ തന്നെ വിഘടിച്ചു നില്‍ക്കുന്ന, പാര്‍ട്ടി സ്ഥാപിതകാല നേതാക്കളായ സി പി ജോണിന്റെയും കെ ആര്‍ അരവിന്ദാക്ഷന്റെയും നേതൃത്വത്തിലാണ് രണ്ടായത്. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തില്‍ സി പി ജോണ്‍ വിഭാഗം, കെ ആര്‍ അരവിന്ദാക്ഷനെയും സഹചാരികളെയും പുറത്താക്കിയപ്പോള്‍ തൃശൂരില്‍ യോഗം ചേര്‍ന്ന അരവിന്ദാക്ഷന്‍ വിഭാഗം സി പി ജോണിനെയും പുറത്താക്കി.
ഈ മാസം 19ന് സ്‌കറിയ തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു പി സി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി പ്രഖ്യാപിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം രണ്ടായത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ലഭിക്കില്ലെന്നറിഞ്ഞതോടെ പിസി തോമസ് ബി ജെ പി പാളയത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണമാണ് സ്‌കറിയ തോമസ് ഉന്നയിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ പാര്‍ട്ടി നടപടിക്ക് വിധേയനായ ആളാണ് സ്‌കറിയ തോമസെന്നാണ് പി സി തോമസ് പറയുന്നത്.
മിനിയാന്ന് റിപ്പബഌക് ദിനത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ആറാം സംസ്ഥാന സമ്മേളനത്തിലാണ് ഗൗരിയമ്മയുടെ ജെ എസ് എസ് പിളര്‍ന്നത്. യു ഡി എഫ് ബന്ധം വിച്ഛേദിച്ചു ഇടതു മുന്നണിയിലേക്ക് തിരികെ പോകാനുള്ള നീക്കമാണ് പിളര്‍പ്പിന് വഴിവെച്ചത്. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് രൂപം കൊണ്ട സി എം പി കഴിഞ്ഞ 14 വര്‍ഷമായി യു ഡി എഫിനൊപ്പമായിരുന്നു. യു ഡി എഫ് ബന്ധം വിച്ഛേദിക്കുന്നതില്‍ പ്രതിഷേധിച്ചു പ്രസിഡന്റ് രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗമാണ് വിഘടിച്ചത്.
ആദര്‍ശത്തിന്റെയോ, നയങ്ങളുടെയോ പേരിലല്ല, വ്യക്തിതാത്പര്യങ്ങളുടെയും അധികാരമോഹത്തിന്റെയും പേരിലാണ് ഈ പിളര്‍പ്പുകളെല്ലാം. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ സൊസൈറ്റിയുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിനു നിദാനം. എം വി രാഘവന്റെ മമക്കളായ എം വി ഗിരീഷ് കുമാറും എം വി രാജേഷ് കുമാറും ഇക്കാര്യത്തില്‍ രണ്ടു പക്ഷത്താണ്. ഗിരീഷിനൊപ്പം സി പി ജോണും രാജേഷിനൊപ്പം അരവിന്ദാക്ഷനും നിലയുറപ്പിച്ചതോടെയാണ് ഗ്രൂപ്പുകള്‍ വഴിപിരിഞ്ഞത്. എം വി രാഘവന്‍ പ്രസിഡന്റായ വിഷ ചികിത്സാ സൊസൈറ്റിയില്‍ ഇപ്പോള്‍ ഗിരീഷാണ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്. എം വി ആറിന്റെ കള്ള ഒപ്പിട്ടാണ് ഗിരീഷ് സൊസൈറ്റിയുടെ നിയന്ത്രണം കൈയടക്കിയെന്നാണ് രാജേഷിന്റെ ആരോപണം. എന്നാല്‍ അച്ഛനാണ് തന്നെ ഈ ചുമതല ഏല്‍പ്പിച്ചതെന്ന് ഗിരീഷ് അവകാശപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മടക്കം ജെ എസ് എസിന്റെ സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ലാതായപ്പോള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി യു ഡി എഫുമായി വിലപേശിയിരുന്നു. അത് ലഭിക്കാതെ വന്നതോടെയാണ് ഗൗരിയമ്മ യു ഡി എഫുമായി അകലാന്‍ തുടങ്ങിയത്.
നാടിനോ സമൂഹത്തിനോ ഒരു ഉപകാരവുമില്ലെന്നിരിക്കെ ഇത്തരം ചെറുകിട കക്ഷികളെ വെച്ചു പൊറുപ്പിക്കാന്‍ എന്തിനാണ് കോണ്‍ഗ്രസ്, സി പി എം പോലുള്ള മുഖ്യധാരാ കക്ഷികള്‍ തുനിയുന്നതെന്ന ചോദ്യം പ്രസ്തുത പാര്‍ട്ടികളില്‍ നിന്നു തന്നെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തളിക്കുളത്ത് ചേര്‍ന്ന കെ എസ് യു സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ജെ എസ് എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചില സ്ഥാപിത താത്പര്യങ്ങള്‍ക്കപ്പുറം വ്യക്തമായ നയമോ നിലപാടുകളോ ചെറുകിട കക്ഷികള്‍ക്കുണ്ടാകാറില്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പോ, പുനഃസംഘടനയോ നടക്കാത്ത ഇവയുടെ അധ്യക്ഷ പദവി ആജീവനാന്തം ഒരാളില്‍ നിക്ഷിപ്തമായിരിക്കും. ഒറ്റക്കു മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് അംഗത്തെ പോലും വിജയിപ്പിക്കാന്‍ ശേഷിയില്ലാത്ത, അശേഷം ജനകീയാടിത്തറ ഇല്ലാത്ത ഈ കക്ഷികള്‍ മുഖ്യധാരാ കക്ഷികളുടെ ഔദാര്യത്തിലാണ് ശ്വാസം നിലനിര്‍ത്തുന്നത്. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കക്ഷികളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ മുഖ്യധാരാ കക്ഷികളില്‍ ഒരു പുനരാലോചന ആവശ്യമാണ്.