Connect with us

Gulf

അനുവദനീയമല്ലാത്തിടത്ത് വെച്ച് ആളെ കയറ്റിയാല്‍ 300 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ നിയമം ലംഘിച്ച് വാഹനം നിര്‍ത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്ന ദുബൈ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ചുരുങ്ങിയത് 300 ദിര്‍ഹം പിഴ ചുമത്തുമെന്ന് ആര്‍ ടി എ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡിന് നടുവില്‍ വാഹനം നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് പല ഡ്രൈവര്‍മാരും പതിവാക്കിയ സാഹചര്യത്തിലാണ് പിഴ ശിക്ഷയുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ടാക്‌സികള്‍ ആളെ കയറ്റാന്‍ മുന്നറിയിപ്പില്ലാതെ നടുറോഡില്‍ നിര്‍ത്തുന്നത് ഗതാഗത സംവിധാനം താറുമാറാക്കാന്‍ ഇടയാക്കുന്നതായി ബോധ്യപ്പെട്ടതിനാലാണ് ആര്‍ ടി എ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വാഹനത്തിരക്കില്ലാത്ത ഇടങ്ങളില്‍ നിര്‍ത്തിയും പിന്നില്‍ നിന്നും വാഹനം വരുന്നില്ലെന്നു ഉറപ്പാക്കിയും യാത്രക്കാരെ കയറ്റുന്നതിന് പ്രശ്‌നമില്ല. എന്നാല്‍ പലരും തിരക്കേറിയ റോഡില്‍ യാത്രക്കാരെ കണ്ടാല്‍ മുമ്പും പിമ്പും നോക്കാതെ ടാക്‌സി നിര്‍ത്തുന്ന പ്രവണത ശരിയല്ല. നടക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായക്കൂടുതലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികളുള്‍പ്പെട്ട കുടുംബവുമായി സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ സാഹചര്യവും സുരക്ഷയും നോക്കി കയറ്റുന്നത് നിയമ വിരുദ്ധമല്ല.
റോഡരികില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈകാണിക്കുമ്പോഴേക്കും പലയിടത്തും നിരവധി ടാക്‌സികളാണ് ഒന്നിന് പിന്നില്‍ ഒന്നായി ഓടിയെത്തി ബ്രേക്കിഡുന്നത്. ഇത് സുഗമമായ ഗതാഗതം തടസപ്പെടുത്തും.
പാര്‍ക്കിംഗ് ബേകള്‍ കുറവായതാണ് ഇത്തരം ഒരു സാഹചര്യത്തിന് ഇടയാക്കുന്നതെന്നാണ് നിയമം ലംഘിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ വാദം. എല്ലായിപ്പോഴും പാര്‍ക്കിംഗ് ബേയില്‍ ടാക്‌സി നിര്‍ത്തുക പ്രായോഗികല്ലെന്ന് ടാക്‌സി ഡ്രൈവറും ബംഗ്ലാദേശ് സ്വദേശിയുമായ മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സംബന്ധ്ച്ചിടത്തോളവും ടാക്‌സി ബേ എവിടെയാണെന്ന് അറിയാത്തവര്‍ക്കുമെല്ലാം ബേക്ക് പുറത്ത് ടാക്‌സി നിര്‍ത്തുന്നത് വലിയ സഹായമാണ്. ഒട്ടുമിക്ക യാത്രക്കാര്‍ക്കും അവര്‍ക്ക് ഇറങ്ങേണ്ട കൃത്യമായ സ്ഥലത്താണ് ഇറക്കാന്‍ പറയുക. അവര്‍ക്ക് ട്രാഫിക് ബേ പ്രശ്‌നമല്ല. ഇറങ്ങുന്നതിന് താമസം നേരിട്ടാല്‍ മീറ്റര്‍ പറക്കുന്നുവെന്ന് പരാതിപ്പെടുകയും ചെയ്യും. എപ്പോഴും വാഹനം നിര്‍ത്തുമ്പോള്‍ ഗതാഗത തടസവും നിയമങ്ങളും പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മുഹമ്മദ് പറഞ്ഞു.
കാണുന്നിടത്ത് ടാക്‌സി നിര്‍ത്തുന്ന രീതി യൂറോപ്പിലൊന്നും ഒട്ടും കാണാനാവില്ലെന്ന് ഇന്ത്യക്കാരനും പ്രവാസിയുമായ അദ്‌നാന്‍ ഫര്‍ഹാത്ത് അഭിപ്രായപ്പെട്ടു. റോഡിന് നടുവില്‍ ടാക്‌സി നിര്‍ത്തി ആളുകളെ കയറ്റുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന കാര്യമാണെന്നും ആര്‍ ടി എ യുടെ പിഴ പ്രഖ്യാപനം നല്ല കാല്‍വെപ്പാണെന്നും അദ്‌നാന്‍ അഭിപ്രായപ്പെട്ടു.

 

Latest