Connect with us

Ongoing News

തൊഴിലുറപ്പ് പദ്ധതി: ജോലി സമയം കുറക്കണമെന്ന് വനിതാ കമ്മീഷനംഗം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാക്കി കുറക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് ആവശ്യപ്പെട്ടു. മറ്റെല്ലാ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ജോലിസമയം പത്ത് മുതല്‍ അഞ്ച് വരെയോ ഒമ്പത് മുതല്‍ നാല് വരെയോ ആയിരിക്കെ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പണിയെടുപ്പിക്കുന്നത് അനീതിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ള തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിയാണ് ഇവര്‍ക്ക് കിട്ടുന്നതെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.
സ്‌കൂളിലും നഴ്‌സറിയിലുമൊക്കെ പോകുന്ന കുട്ടികള്‍ തിരികെ എത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും ആവശ്യത്തിന് സര്‍ക്കാറോഫീസിലോ മറ്റോ പോകേണ്ടിവന്നാല്‍ പണി നഷ്ടപ്പെടുത്തേണ്ട സാഹചര്യവും ഉണ്ട്. രാവിലെ എട്ടിനോ എട്ടരക്കോ പോകുകയും വൈകിട്ട് ആറ് മണിയോടെ തിരിച്ചെത്തുകയും ചെയ്യുന്ന ഇവര്‍ വീട്ടുജോലി മുഴുവന്‍ ചെയ്യേണ്ടിയും വരുന്നു. മറ്റു ജോലിയൊന്നും കിട്ടാനില്ലാത്തതുകൊണ്ട് കുറഞ്ഞ കൂലിക്ക് തൊഴിലുറപ്പിന് പോകാന്‍ നിര്‍ബ്ബന്ധിതരാകുന്നവരാണ് ഈ വിഭാഗം തൊഴിലാളികളെന്നും ആ അവസ്ഥ ചൂഷണം ചെയ്യുന്നത് നീതിയല്ലെന്നും ലിസി ജോസ് പറഞ്ഞു.

Latest