Connect with us

Articles

മുത്തുനബി വിളിക്കുന്നു

Published

|

Last Updated

മുത്തു നബി എന്നും ലോകത്തിന് ആവേശമായിരുന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആ മഹാ വ്യക്തിത്വം ആഘോഷിക്കപ്പെടുന്നു. ഒരു വ്യക്തിത്വം, സ്വാഭാവികമായി ആഘോഷിക്കപ്പെടുകയും ആവേശമായി തുടരുകയും ചെയ്യുന്നുവെങ്കില്‍ ഭയപ്പെടാനില്ല. അനുകരണമുണ്ടാകും. അനുകരണമാണ് ഇത്തിബാഅ്. ലോകം മുത്ത് നബിയെ അനുകരിക്കുന്നുണ്ട്. സ്ഖലിതങ്ങളോടെയാകാം. പരിഹരിക്കാവുന്നവയാണത്. സ്‌നേഹരാഹിത്യം അനുകരണരാഹിത്യത്തിന്റെ അടയാളമാണ്. പ്രകടിപ്പിക്കപ്പെടാത്തത് സ്‌നേഹമല്ല. ലോകം അത് മനസ്സിലാക്കിയിരിക്കുന്നു. അവര്‍ കൂടുന്നതും പാടുന്നതും ഇപ്പോള്‍ മുത്തു നബിയെക്കുറിച്ചാണ്. സ്‌നേഹിക്കുന്നവര്‍ക്ക് മൗനമായിരിക്കാനാകില്ല. അവര്‍ ചൊല്ലും, പറയും. അത് ആവേശമായി വളരുമ്പോള്‍ പ്രവാചക വ്യക്തിത്വം ആഘോഷിക്കപ്പെടും. ഈ ആഘോഷം പ്രബോധനമായി ഉരുവം കൊള്ളും. ഇസ്‌ലാമിന്റെ പ്രബോധനം.
“നരകാഗ്‌നിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന നിങ്ങളെ അവിടെ നിന്നും രക്ഷിച്ച് സ്വര്‍ഗപ്പാന്ധാവിലേക്ക് നയിച്ചത് ഞാനായിരുന്നുവെന്ന് നബി(സ) പറയുകയുണ്ടായി. കടപ്പാടിന്റെ ആഴം വ്യക്തമാക്കിത്തരുന്ന തിരുസൂക്തം. ഉത്തരലബ്ധി ഉറപ്പായ പ്രാര്‍ഥന എല്ലാ പ്രവാചകന്മാര്‍ക്കുമുണ്ടായിരുന്നു. “പ്രത്യേക സാഹചര്യങ്ങളില്‍ അനിവാര്യ ഘട്ടങ്ങളില്‍ അവര്‍ ആ പ്രാര്‍ഥന ഉപയോഗിച്ചു. പക്ഷേ, ഞാന്‍ അത് കരുതിവെക്കുകയായിരുന്നു. എന്റെ സമുദായത്തിനു വേണ്ടി. പരലോകത്തേക്ക്. അല്ലാഹുവിന്റെ മുമ്പില്‍ ഉപയോഗിക്കുന്നതിന്” എന്നും തിരുനബി പറയുന്നു. എന്തൊരു സ്‌നേഹം! ആര്‍ദ്രത! മുത്തു നബിയേ…. എന്ന് ലോകം വിളിക്കാതിരിക്കുന്നതെങ്ങനെ? ആ പ്രാര്‍ഥന നബി(സ) കരുതിവെച്ചിരിക്കുന്നത് മാനവരാശിക്ക് വേണ്ടി മുഴുവനുമാണ്. പരലോകത്തെ സങ്കീര്‍ണമായ ഒരു ഘട്ടത്തെ തരണം ചെയ്യുന്നതിന് അവരെ സഹായിക്കാന്‍. ഈ മുത്തു നബിയുടെ വിളി ലോകം കേള്‍ക്കാതിരിക്കുന്നതെങ്ങനെ?

മുത്തു നബിയുടെ ശത്രുക്കളായിരിക്കാന്‍ എന്ത് ന്യായീകരണമുണ്ട്? ഹിംസയും അഹിംസയും തമ്മില്‍, സോഷ്യലിസവും ക്യാപിറ്റലിസവും തമ്മില്‍, ശത്രുക്കളായിരിക്കാന്‍ രണ്ട് ഭാഗത്തും ന്യായീകരണങ്ങള്‍ ഉയരുന്നു. മുത്തു നബിയുടെ ശത്രുക്കള്‍ക്ക് ന്യായീകരണമേതുമില്ല. ശത്രുക്കള്‍ പ്രവാചക വ്യക്തിത്വത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നല്ലോ. ശത്രു അംഗീകരിക്കുന്ന നേതാവ് എന്ന അപൂര്‍വ ജനുസ്സ് ഇവിടെ ലോകം കാണുന്നു. ചെറുതായിരിക്കുമ്പോള്‍ അവര്‍ മുത്ത് നബിയെ അല്‍ അമീന്‍ എന്നു വിളിച്ചു. വലുതായിരിക്കുമ്പോള്‍ ആ വ്യക്തിത്വത്തെ പ്രകീര്‍ത്തിച്ച് അബൂസുഫ്‌യാന്‍ സംസാരിക്കുന്നത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെയാണ് “മുത്തി”നെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. ആ മുത്താണ് ഈ നബി; മുത്തുനബി.
സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ആ സ്‌നേഹപ്രപഞ്ചം ഉരുവം കൊള്ളുന്നത്. മക്കയിലെ പ്രമാണിമാര്‍ മുത്തുനബിയുടെ വിളി കേള്‍ക്കാന്‍ അറച്ചുനിന്നത്, ആ സവിധത്തിലുള്ളത് നിസ്വരായത് കൊണ്ടായിരുന്നു. മക്കയിലെ അശരണരെ നബി വാരിപ്പുണര്‍ന്നു. അടിമകളെ ലാളിച്ചു. അവര്‍ക്ക് പദവികള്‍ നല്‍കി ബഹുമാനിച്ചു. മക്കയിലെ വിരോധികളില്‍ അബൂജഹല്‍ അഹന്തയോടെ മുന്നിലുണ്ടായിരുന്നു. ക്രൂരമായ ഭാവവും തറച്ചുകയറുന്ന കണ്ണുകളും കൊണ്ട് അദ്ദേഹം പാവങ്ങളെ അടിച്ചമര്‍ത്തിയും ചവിട്ടിത്തേച്ചും വാഴുന്ന കാലം. അബൂ ലഹബ് ക്രൗര്യത്തിന്റെ മറ്റൊരു ഭാവമായിരുന്നു. അങ്ങനെ എത്രയോ പേര്‍. പീഡിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കുന്നതിന് ശത്രുവിന്റെ ശക്തിയോ പ്രതാപമോ മുത്തുനബിക്ക് തടസ്സമായിരുന്നില്ല. അങ്ങനെയാണ് അടിമയായിരുന്ന ബിലാല്‍ കഅബയുടെ മാളികയിലേറിയത്. ജീവിതം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ സമൂഹത്തില്‍ ബഹുമാനികളായത്. മദ്യവും മദിരാക്ഷിയും നിരോധിക്കപ്പെടുന്നത്. പലിശക്കും ചൂതാട്ടത്തിനും അറുതിയാകുന്നത്. വെളുപ്പും കറുപ്പും ഒന്നാകുന്നത്. അറബിയും അനറബിയും മനുഷ്യരാകുന്നത്. അഴിമതിയും സ്വജനപക്ഷാപാതവും നിര്‍മാര്‍ജനം ചെയ്യപ്പെടുന്നത്. ക്രമസമാധാനപാലനം യാഥാര്‍ഥ്യമാകുന്നത്. അരാജകത്വം വിപാടനം ചെയ്യപ്പെടുന്നത്. തൊഴിലാളി ആദരണീയനാകുന്നത്. തൊഴിലുടമകള്‍ ബഹുമാനിക്കപ്പെടുന്നത്.
സര്‍വതലസ്പര്‍ശിയായ ഒരു ജീവിത വ്യവസ്ഥിതി സമര്‍പ്പിക്കുന്നിടത്ത് മുഹമ്മദ്(സ) വ്യത്യസ്തനായി. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഭരണക്കാര്‍ക്കും ഭരണീയര്‍ക്കും അടിമകള്‍ക്കും ഉടമകള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്നിടത്ത് ഈ വ്യവസ്ഥിതിയും വ്യത്യസ്തമാകുന്നു. താന്‍ അവഗണിക്കപ്പെടുന്നതായോ അപരന്‍ പ്രീണിപ്പിക്കപ്പെടുന്നതായോ ഒരാള്‍ക്കും പരാതിയില്ലാത്തവിധം ആകര്‍ഷകമായ ഈ വ്യവസ്ഥിതി ബുദ്ധിയെ പരിഹസിക്കുന്നതല്ല. ഉദ്ദീപിപ്പിക്കുന്നതാണ്. ചിന്തക്ക് കൂച്ചുവിലങ്ങിടുന്നതല്ല. സ്വതന്ത്രമാക്കുന്നതാണ്. ഇസ്‌ലാം ലോകത്തിന്റെ ചര്‍ച്ചാവിഷയമായി മാറുന്നതെന്ത്? മുത്തു നബി ലോകത്തിന്റെ ആഘോഷമായി പരിലസിക്കുന്നതെന്ത്? ഇതൊക്കെയാണ് ഉത്തരം.

ലോകത്തെ ഇളക്കിമറിച്ച നവോത്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായി ആറാം നൂറ്റാണ്ടില്‍ ഉദിച്ചയുര്‍ന്ന വെളിച്ചമായിരുന്നു മുത്തുനബി. ജാഹിലിയ്യത്തിന്റെ ഇരുട്ടില്‍ നിന്ന് വിജ്ഞാനത്തിന്റെ നിലാവെളിച്ചത്തിലേക്ക് കിഴക്കും പടിഞ്ഞാറും ഒരുപോലെ പിച്ച വെച്ചത് മുത്തുനബിയെ കോപ്പി ചെയ്തായിരുന്നു. അരാഷ്ട്രീയത്തിന്റെ അരാജകത്വത്തില്‍ നിന്ന് നിലപാടുകളുടെയും രാഷ്ട്രമീമാംസയുടെയും സുരക്ഷിത ഭൂമികയിലേക്ക് ലോകം വഴി നടന്നതും ധനശാസ്ത്രവും സാമൂഹിക ശാസ്ത്രവും ലോകം പഠിക്കുന്നതും മനുഷ്യാവകാശങ്ങളുടെ പരിരക്ഷ സാധ്യമാകുന്നതും സ്ത്രീകളും കുട്ടികളും സുരക്ഷിതരാകുന്നതും വിശ്വാസവും സംസ്‌കാരവും പൂത്തുലയുന്നതും ആറാം നൂറ്റാണ്ടില്‍ അവതരിച്ച ആ മഹാമനീഷി സമര്‍പ്പിച്ച അല്ലാഹുവിന്റെ വ്യവസ്ഥിതി മുഖേനയായിരുന്നു. ആ വ്യവസ്ഥിതിയിലേക്കാണ് മാനവരാശിയെ മുത്തുനബി വിളിച്ചുകൊണ്ടിരിക്കുന്നത്. സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിച്ചും അവന്റെ നിയമങ്ങള്‍ അനുസരിച്ചും പ്രാവചകരെ സ്‌നേഹിച്ചും അനുകരിച്ചും ലോകം മുത്ത് നബിക്കു ഉത്തരം നല്‍കുന്നു.

അത്രക്ക് സമ്പന്നമൊന്നുമല്ല ഇസ്‌ലാമിക പ്രബോധന രംഗം. പറയത്തക്ക സംവിധാനങ്ങളില്ല. നിഗൂഡതകള്‍ നിറഞ്ഞ ആസൂത്രണവുമില്ല. സുതാര്യമായ ബോധന പ്രക്രിയകള്‍ ലോകം ശ്രദ്ധിക്കുന്നുണ്ട്. മുത്തു നബിയുടെ വിളികേട്ട് വെളിച്ചത്തിലേക്ക് നടന്നടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പള്ളികളില്‍ ജനത്തിരക്കേറുന്നു. ഒന്നും അടച്ചുപൂട്ടപ്പെടുന്നില്ല. പുതിയത് ധാരാളം നിര്‍മിക്കുന്നു. ലോകത്തെവിടെയും ഇതാണ് സ്ഥിതി. മുത്തു നബി വിളിക്കുന്നെന്നും ആ വിളി കേള്‍ക്കാന്‍ നാം ബാധ്യസ്ഥരാണെന്നും കേരളത്തിലെ ഏറ്റവും മികച്ച പ്രബോധന പ്രസ്ഥാനം ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. അസ്വസ്ഥത പകരുന്ന അപശബ്ദങ്ങള്‍ അവഗണിക്കാന്‍ കേരളീയര്‍ക്കാകുന്നുണ്ട്. മുത്തു നബിയുടെ വ്യക്തിത്വം തേജോവധം ചെയ്തും ആ വെളിച്ചത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചും ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട കറുത്ത പൊട്ടുകളെ ഒതുക്കിക്കെട്ടാന്‍ അവര്‍ക്കായി. ഒരു പന്തലിന്റെ അപ്പുറത്തേക്ക് വളരാന്‍ പ്രവാചക വിരോധികളെ ഇപ്പോഴും കേരള മുസ്‌ലിംകള്‍ സമ്മതിക്കുന്നില്ല. പ്രബോധനത്തിന്റെ അഭിമാനകരമായ ഫലപ്രാപ്തി. പക്ഷേ, ജാഗ്രത ആവശ്യമാണെന്ന് എസ് വൈ എസ് പ്രസ്ഥാനം വിചാരിക്കുന്നു. മുത്തുനബി തെളിച്ചുവെച്ച ഈ വിളക്കുമാടത്തെ സംരക്ഷിക്കണം. വെളിച്ചത്തിന് ശത്രുക്കള്‍ ഉണ്ടാകരുത്. ഇരുട്ടിന് കൂട്ടിരിപ്പുകാര്‍ ആവശ്യമില്ല. പക്ഷേ, അവ രണ്ടും ലോകത്ത് എന്നും ഉണ്ടായിരുന്നിട്ടുണ്ട്. അതുകൊണ്ടാണ് മുത്തുനബിയുടെ വിളിയെക്കുറിച്ച് കൂടെക്കൂടെ ഓര്‍മപ്പെടുത്തി വിശുദ്ധ വസന്തം ആഘോഷിക്കപ്പെടുന്നത്.

Latest