Connect with us

Gulf

ദുബൈ ഷോപ്പിംഗ് മാമാങ്കത്തിന് പ്രൊഢഗംഭീര തുടക്കം

Published

|

Last Updated

ദുബൈ: ലോകത്തിന്റെ കണ്ണും കാതും ദുബൈ നഗരത്തിലേക്ക് തിരിയുന്നു. വിനോദത്തിന്റെയും വാണിജ്യത്തിന്റെയും മാമാങ്കമായ ദുബൈ ഫോപ്പിംഗ് ഫെസ്റ്റിവെല്‍(ഡി എസ് എഫ്)ന് ഇന്നലെ പ്രൗഢമായ തുടക്കം. വരാനിരിക്കുന്ന 30 ദിനങ്ങളിലും ലോകം ദുബൈയിലെ ഓരോ ചെറു ചലനങ്ങള്‍ക്കും കാതോര്‍ക്കുമെന്ന് തീര്‍ച്ച. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളും കൗതുകങ്ങളുമായി 19-ാമത് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) എത്തിയിരിക്കുന്നത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സഞ്ചാരികളായി നഗരത്തില്‍ എത്തുന്നവര്‍ക്കും കുറച്ചൊന്നുമല്ല ആഹഌദം നല്‍കുന്നത്.

ഷോപ്പിംഗ് മാമാങ്കത്തിന് മാറ്റ് കൂട്ടാന്‍ നിരവധി സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാഢംബര കാറുകളും സ്വര്‍ണവും ഉള്‍പ്പെടെ കോടിക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനപെരുമഴയില്‍ നഗരം വീര്‍പ്പുമുട്ടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. കൈനിറയെ സമ്മാനങ്ങളും ആഡംബരകാറുകളുമായി ഭാഗ്യശാലികള്‍ക്ക് സന്തോഷത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങും.
വേള്‍ഡ് എക്‌സ്‌പോ 2020 നഗരത്തിന് ലഭിച്ച ശേഷമെത്തുന്ന ആദ്യത്തെ ഡിഎസ്എഫ് എന്ന പ്രത്യേകതയുള്ളതിനാല്‍ കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി എസ് എഫിന്റെ ഭാഗമായ ഗ്ലോബല്‍വില്ലേജ് ഒക്‌ടോബര്‍ അഞ്ചിനു തുറന്നിരുന്നു. ഇവിടെ വന്‍തിരക്കാണനുഭവപ്പെടുന്നത്. ഗ്ലോബല്‍വില്ലേജ് മാര്‍ച്ച് ഒന്നു വരെയുണ്ടാകും. ഇന്ത്യാ പവിലിയനില്‍ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. യമന്‍, ഈജിപ്ത്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പവലിയനുകളും സന്ദര്‍ശകരെ ആഘര്‍ഷിക്കുന്നു. കച്ചവടസ്ഥാപനങ്ങളും മാളുകളും ആകര്‍ഷകമായ വിലക്കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീതപരിപാടികള്‍, നൃത്തം, കാര്‍ണിവല്‍, കാര്‍ട്ടൂണ്‍ മേളകള്‍ തുടങ്ങിയവ വിവിധയിടങ്ങളിലായി നടക്കും.
ലോകത്തെ എല്ലായിടത്തെയും ഭക്ഷണം കഴിക്കാനും അവസരമുണ്ട്. അല്‍സീഫ് സ്ട്രീറ്റില്‍ സംഗീതകലാകാരന്മാരും നര്‍ത്തകരും പൊയ്ക്കാല്‍ അഭ്യാസികളുമെല്ലാം പങ്കെടുക്കുന്ന കാര്‍ണിവല്‍ നടക്കും. ലോകത്തിലെ പ്രധാന സംഗീത-നൃത്ത ട്രൂപ്പുകള്‍ എല്ലാവര്‍ഷവും ഇതില്‍ പങ്കെടുക്കുന്നു. ക്രീക്കില്‍ കരിമരുന്നുപ്രയോഗവുമുണ്ടാകും. അല്‍സീഫില്‍ ഗ്രാമീണ ജീവിതരീതികള്‍ കാണാന്‍ അവസരമുണ്ട്. പഴയകാല വീടുകള്‍, ആയുധങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ കാണുകയും വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുകയും ചെയ്യാം. ഇവയില്‍ പലതിനും കേരളീയ വിഭവങ്ങളുമായി സാമ്യമുണ്ടെന്നതു മലയാളികള്‍ക്കു കൗതുകം പകരുന്നു. അല്‍സീഫില്‍ ദിവസവും ഒന്‍പതിനു കരിമരുന്നുപ്രയോഗം നടക്കും.
വാരാന്ത്യങ്ങളില്‍ ക്രീക്കിന്റെ ഇതരമേഖലകളില്‍ ഏഴുമണിക്കും കരിമരുന്നുപ്രയോഗമുണ്ടാകും. ഷിന്ദഗ പൈതൃക മേഖലയില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കും. പരമ്പരാഗത കലാരൂപങ്ങള്‍, കായികവിനോദങ്ങള്‍, കരകൗശലമേള എന്നിവയുണ്ടാകും. അല്‍ റിഗ്ഗയില്‍ ആറ് മുതല്‍ മെക്‌സിക്കന്‍ സര്‍ക്കസ് നടക്കും. സാഹസപരിപാടികള്‍ കോര്‍ത്തിണക്കിയതാണിത്. ഗ്ലോബ് ഓഫ് ഡെത്ത്, വീല്‍ ഓഫ് ഡെത്ത്, സൈക്ലോണ്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
സന്ദര്‍ശകരുടെ അഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന രാജ്യാന്തര ഉല്‍സവമാണു നടക്കുന്നതെന്നു ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തബലയിലെ മാന്ത്രിക നാദമായ സാക്കിര്‍ ഹുസൈന്‍ ഫെസ്റ്റിവെലില്‍ എത്തുന്നുണ്ട്. ജുമൈറ മദീനത്ത് ആറീനയില്‍ 25ന് നടക്കുന്ന പരിപാടിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍, സിതാര്‍ വിദഗ്ധന്‍ നിലാദ്രിയ കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.