Connect with us

Wayanad

വികസനവും കാത്ത് ഓവാലി ടൗണ്‍ പഞ്ചായത്ത്

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഓവാലി ടൗണ്‍ പഞ്ചായത്തില്‍ വികസനം വഴിമുട്ടി. മലയോരമേഖലയായ ഓവാലിയിലെ ഗ്രാമങ്ങള്‍ ഇപ്പോഴും വികസനം കാത്ത് കഴിയുകയാണ്. സെക്ഷന്‍ 17-വിഭാഗം ഭൂമിയുടെ പരിധിയില്‍പ്പെട്ടതാണ് പഞ്ചായത്തിലെ ബഹുഭൂരിഭാഗം ഭൂമിയും. ഇതോടെ നിര്‍ധനരായ കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പഞ്ചായത്തില്‍ ഒരു വികസന പ്രവൃത്തികളും നടക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യറാകുന്നില്ല.
റോഡ്, നടപ്പാത, ഭവനനിര്‍മാണം തുടങ്ങിയ വികസനപ്രവൃത്തികള്‍ വനംവകുപ്പ് തടയുകയാണ്. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് കാരണം പഞ്ചായത്തില്‍ യാതൊരു വികസനവും നടത്താന്‍ പറ്റുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിതമാര്‍ഗം തേടിയെത്തിയവരാണിവിടുത്തെ ജനങ്ങള്‍. മഹാവീര്‍പ്ലാന്റേഷന്‍, മഞ്ചേശ്വരി പ്ലാന്റേഷന്‍ തുടങ്ങിയ സ്വകാര്യ എസ്റ്റേറ്റുകള്‍ ഇവിടെ പ്രവര്‍ത്തിന്നുണ്ടെങ്കിലും ചില ഡിവിഷനുകള്‍ അടച്ചുപൂട്ടി. ശേഷിക്കുന്നവയുടെ പ്രവര്‍ത്തനം മന്ദഗതിയിലുമാണ്. വികസനം മുരടിച്ചതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കുടിയൊഴിഞ്ഞ് പോയികൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിന്ന് കുടിയൊഴിഞ്ഞ് പോയത്. 2001 ലെ സെന്‍സസ് പ്രകാരം പഞ്ചായത്തില്‍ മൊത്തം ജനസംഖ്യ 24,793 ആണ്. അത് 2011 ആയപ്പോള്‍ 23,372 ആയി ചുരുങ്ങിയിട്ടുണ്ട്. പുലികുന്ദ ഗ്രാമത്തില്‍ നിന്ന് ജനങ്ങള്‍ മുഴുവനും കുടിയൊഴിഞ്ഞ് പോയി. ലാറസ്റ്റന്‍ ഗവ. സ്‌കൂളും കുട്ടികളില്ലാത്തതിനാല്‍ അടച്ചുപൂട്ടി. മൂലക്കാട് ഗവ. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ആറാട്ടുപാറ, ബാര്‍വുഡ് എന്നിവിടങ്ങളിലെ ഗവ. ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 20ല്‍പ്പരം ഗവ. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് കണക്ക് പ്രകാരം പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളിലായി 720 ഭവനങ്ങളാണുള്ളത്. 1960ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. അങ്ങനെ 1961ല്‍ ഓവാലി ടൗണ്‍ പഞ്ചായത്ത് നിലവില്‍വരികയും ചെയ്തു. 20.50 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ പഞ്ചായത്തിന് വരുമാനം ലഭിക്കുന്നത്. ധാരാളം മുസ് ലിം പള്ളികളും മദ്‌റസകളും ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. തേയില, കാപ്പി എന്നിവയാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍. കുരുമുളക്, ജാതിക്ക, ഗ്രാമ്പു, ഏലം തുടങ്ങിയവയും നാമമാത്രമായി കൃഷിചെയ്യുന്നുണ്ട്. സീഫോര്‍ത്ത്-എല്ലമല-പെരിയശോല റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പാടെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ നിര്‍മാണത്തിന് വേണ്ടി ജനങ്ങള്‍ സമീപിക്കാത്ത ഉദ്യോഗസ്ഥരില്ല. പഞ്ചായത്തില്‍ ന്യൂഹോപ്പിലാണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ചില ഭാഗങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബാര്‍വുഡിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓവാലി പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ചെക്‌പോസ്റ്റ് സ്ഥാപിച്ചാണ് പഞ്ചായത്തിലേക്കുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നത് വനംവകുപ്പ് തടയുന്നത്. കല്ല്, മണല്‍, കമ്പി, ജല്ലി തുടങ്ങിയ നിര്‍മാണ സാമഗ്രികളൊന്നും കൊണ്ടുപോകാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ല. ഇത്കാരണം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. വീടിന്റെ അറ്റകുറ്റപ്രവൃത്തികള്‍പോലും നടത്താന്‍ സാധിക്കുന്നില്ല. ഇവിടെ ജനജീവിതം താറുമാറായിട്ടുണ്ട്. അതേസമയം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം മുറപോലെ നടക്കുന്നുണ്ട്. ഇത് തടയാന്‍ വനംവകുപ്പ് തയ്യാറാകുന്നുമില്ല.
ആറാട്ടുപാറയില്‍ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ ഭവനനിര്‍മാണം വനംവകുപ്പ് തടയുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈയടുത്താണ് ഓവാലി ഫോറസ്റ്റ് റെയ്ഞ്ച് നിലവില്‍ വന്നത്. ആദ്യം ഗൂഡല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലായിരുന്നു ഓവാലി വനമേഖല. ബാര്‍വുഡിലാണ് പുതിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Latest