Connect with us

Palakkad

രോഗവും പരുക്കും ഭേദമാകാതെ രണ്ട് കാട്ടാനകള്‍ ഭീതി പടര്‍ത്തുന്നു

Published

|

Last Updated

പാലക്കാട്: രോഗവും പരുക്കും ഭേദമാകാതെ രണ്ട് കാട്ടാനകള്‍ വനമേഖലയില്‍ ഭീതി പടര്‍ത്തുന്നു.ട്യൂമര്‍ ബാധിച്ച മോഴയാന ശിരുവാണി വനത്തിലും, ട്രെയിനിടിച്ച് കാലൊടിഞ്ഞ കൊമ്പന്‍ മലമ്പുഴ വനത്തിലുമാണുള്ളത്. രണ്ട് ആനകള്‍ക്കും നല്‍കിയ ചികില്‍സ ഫലം കണ്ടില്ല.
വേദനയില്‍ അരിശംപൂണ്ട് ആനകള്‍ പരാക്രമങ്ങള്‍ നടത്തുകയാണ്.കഞ്ചിക്കോട്ട് രണ്ട് മാസം മുമ്പ് ട്രെയിനിടിച്ച് വലതുകാലൊടിഞ്ഞ കൊമ്പനെ മലമ്പുഴ അണക്കെട്ടിലെ വനമേഖലയോടു ചേര്‍ന്നാണ് കണ്ടത്. വേദനക്കൊരാശ്വാസമായി അണക്കെട്ടിലെ വെളളത്തിലാണ് പലപ്പോഴും. നീരുവന്ന വലതുകാല്‍ നിലം തൊടാനാവാതെ മുടന്തിയാണ് നടക്കുന്നത്. വേദനയുടെ ആധിക്യം ആനയെ അവശനിലാക്കുന്നു. രണ്ടു പ്രാവശ്യം ആനക്ക് നല്‍കിയ ചികില്‍സ പ്രയോജനപ്പെട്ടില്ല.
വേദനയില്‍ ആക്രമസ്വഭാവം കാട്ടുന്നതോടെ വനപാലകരുംഇവിടെ നിസഹായരാകുന്നു. ജീവന്‍പണയംവച്ച് ആനയെ നിരീക്ഷിക്കാന്‍ മാത്രമേ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നുളളു. കഴിഞ്ഞ മെയ് 23 ന് വയനാട്ടില്‍ നിന്നും മണ്ണാര്‍ക്കാട് ശിരുവാണിവനത്തില്‍ കൊണ്ടുവന്നുവിട്ട മോഴയാനയാണ് മറ്റൊരു വേദന. വയറിനുള്ളിലെ ട്യൂമര്‍ പൊട്ടി അതിവേദനയില്‍ കാടുചുറ്റുന്ന മോഴയാന സഞ്ചാര വഴികളിലൊക്കെ പരാക്രമംകാട്ടുന്നു. ശിരുവാണിയിലെ ജലസേചനവകുപ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂരകളും ജനാലകളും ആനയുടെ ശൗര്യത്തില്‍ തകര്‍ന്നതോടെ പത്തിലധികം ജീവനക്കാര്‍ മരണഭീതിയോടെയാണ് ഇവിടെയുളളത്. ഡോ അരുണ്‍സക്കറിയുടെ നേതൃത്വത്തില്‍ മോഴയാനക്കും ചികില്‍സ നടത്തിയിരുന്നു. പക്ഷേ ഫലിച്ചില്ല.
ഇപ്പോള്‍ ട്യൂമര്‍ പൊട്ടി രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നു. കൂടാതെ ഈച്ചകളുടെ ശല്യത്താലുളള അതിവേദന ആനയെ അസ്വസ്ഥമാക്കുന്നു. ആനയുടെ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ മയക്കി ചികില്‍സ നല്‍കാന്‍ കഴിയുന്നുമില്ല. ശിരുവാണിലും മലമ്പുഴയിലുമുള്ള രണ്ട് ആനകള്‍ക്കും വിദഗ്ധചികില്‍സനല്‍കാന്‍ കഴിയാത്തതിനാല്‍ പരാതികളുടെ പ്രളയത്തില്‍ ജില്ലാ ഭരണകൂടവും വനംവകുപ്പും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.