Connect with us

Malappuram

മലയോരങ്ങളില്‍ കേരളാ ലോട്ടറിയുടെ മറവില്‍ സമാന്തര വ്യാജ ലോട്ടറി വില്‍പന സജീവം

Published

|

Last Updated

കാളികാവ്: മലയോര പ്രദേശങ്ങളിലും കേരളാലോട്ടറിയുടെ മറവില്‍ സമാന്തര വ്യാജ ലോട്ടറി വില്‍പന സജീവമാകുന്നു. കേരളാലോട്ടറിയുടെ മറപിടിച്ച് സമാന്തരമായിട്ടാണ് വ്യാജ ലോട്ടറി സംഘം പ്രവര്‍ത്തിക്കുന്നത്.
കുറ്റിപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം വ്യാജ ലോട്ടറി പിടികൂടിയിരുന്നു. കമ്പ്യട്ടറില്‍ നമ്പറുകളും വിവരങ്ങളും രേഖപ്പെടുത്തി വെച്ചതാണ് കുറ്റിപ്പുറത്തെ വ്യാജന്‍മാര്‍ക്ക് വിനയായത്. എന്നാല്‍ തുണ്ട് കടലാസില്‍ മാത്രം രേഖപ്പെടുത്തി ഇടപാടുകള്‍ നടത്തുന്ന രീതിയാണ് മിക്കസ്ഥലങ്ങളിലും നടക്കുന്നത്.
പരിശോധനകള്‍ നടത്തിയാല്‍ ടിക്കറ്റിന്റെ വിവരങ്ങള്‍ കണ്ട് പിടിക്കാന്‍ പ്രയാസമാണ്. കേരളാ ലോട്ടറിയുടെ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കങ്ങള്‍ എഴുതി വാങ്ങിയാണ് ലോട്ടറി മാഫിയ കാശ് കൈക്കലാക്കുന്നത്. ടിക്കറ്റില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് നിരോധിച്ച അന്യ സംസ്ഥാന ലോട്ടറികളുടെ മാതൃകയിലാണ് കച്ചവടം തകൃതിയായി നടക്കുന്നത്. കേരളാ ലോട്ടറിയുടെ ചില ഏജന്റുമാര്‍ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഏത് സീരീസിലായാലും നമ്പര്‍ ഒത്തുവന്നാല്‍ സമ്മാനം ലഭിക്കും. ഒരുടിക്കറ്റിന് പത്ത് രൂപ എന്ന തോതില്‍ അഞ്ച് ടിക്കറ്റുകളുള്ള ഒരു സെറ്റാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. 50 രൂപ ഈടാക്കുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 25000 രൂപയാണ്. രണ്ടാം സമ്മാനം 2500 രൂപയും, ഗ്യാരണ്ടി സമ്മാനം 100 രൂപയുമാണ്. ഉച്ചയാകുമ്പോഴേക്കും മൊത്തവിതരണക്കാര്‍ നാല് ലക്ഷം രൂപയുടെ വ്യാജ ലോട്ടറി വില്‍പന നടത്തുന്നുണ്ട്.
കേരളാ ലോട്ടറിയുടെ ഫലം നോക്കിയാണ് സമ്മാനതുക നല്‍കുന്നത്. കേരളാലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കങ്ങളും, ആളുകള്‍ എഴുതികൊടുത്ത മൂന്നക്കങ്ങളും ഒത്ത് വന്നാല്‍ ഒന്നാം സമ്മാനമായ 25000 രൂപ ഗുണഭോക്താവിന് ലഭിക്കും. കേരളാ ലോട്ടറിയുടെ രണ്ടാം സമ്മാനര്‍ഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കങ്ങളും എഴുതി നല്‍കിയ മൂന്നക്കങ്ങളും ഒന്നാണെങ്കില്‍ രണ്ടാം സമ്മാനത്തുകയായ 2500 രൂപ നല്‍കും.
ഗ്യാരണ്ടി സമ്മാനമായി 100 രൂപയാണ് പുതിയ തട്ടിപ്പ് സംഘങ്ങള്‍ സമ്മാനാര്‍ഹര്‍ക്ക് നല്‍കുന്നത്. കേരളാ സംസ്ഥാന ലോട്ടറി ഗ്യാരണ്ടി പ്രൈസ് നൂറ് നമ്പറുകള്‍ക്ക് കൊടുക്കുന്നുണ്ട്. എന്നാല്‍ വ്യാജന്‍മാര്‍ ഗ്യാരണ്ടി പ്രൈസ് ചിലസ്ഥലങ്ങളില്‍ 30 പേര്‍ക്കാണ് നല്‍കുന്നതെന്ന് അറിയുന്നു. സാധാരണ കൂലിപ്പണിക്കാരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഈ തട്ടിപ്പിന് ഇരയാകുന്നവരില്‍ അധികവും. കേരളാ ലോട്ടറിയുടെ ഫലത്തിന്റെ പ്രിന്റെടുത്താണ് നമ്പറുകള്‍ ഒത്തു നോക്കുന്നത്.
ജില്ലയിലെ പലഭാഗത്തും സംസ്ഥാനത്ത് തന്നെയും ഈ പുതിയ വ്യാജ ലോട്ടറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നികുതിയോ, കമ്മീഷനുകളോ ടിക്കറ്റുകളോ ഒന്നും തന്നെ വ്യാജലോട്ടറിക്കില്ല. കേരളാ ലോട്ടറി വില്‍പന നടത്തുന്ന തിനോടൊപ്പമാണ് ഈ തട്ടിപ്പും നടത്തുന്നത്. അത് കൊണ്ട് തന്നെ ഈ തട്ടിപ്പ് സംഘങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. കുറ്റിപ്പുറത്ത് മാത്രമല്ല ഇത്തരം വ്യാജന്‍മാര്‍ ഉള്ളത്.
സംസ്ഥാനത്ത് തന്നെ പടര്‍ന്ന് പന്തലിച്ച് വരുന്ന പുതിയ ലോട്ടറി തട്ടിപ്പ് സംഘത്തെക്കുറിച്ച് സമഗ്രമായ പരിശോധനകളും അന്വേഷണങ്ങളും നടത്തേണ്ടതുണ്ട്.

---- facebook comment plugin here -----

Latest