Connect with us

Eranakulam

ഹെല്‍മറ്റ് ധരിക്കണമെന്ന നിര്‍ദേശം സിനിമയില്‍ പ്രായോഗികമല്ല: ഫെഫ്ക

Published

|

Last Updated

കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളും ഹെല്‍മറ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം പ്രായോഗികമല്ലന്നെ് ഫെഫ്ക. ചൊവ്വാഴ്ച നടന്ന ഫെഫ്ക (ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരള) യൂനിയന്‍ വാര്‍ഷിക യോഗമാണ് കമ്മീഷനറുടെ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. സെന്‍സര്‍ബോര്‍ഡും ഈ തീരുമാനത്തിനെതിരാണെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
അന്തരിച്ച സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ സംസ്‌കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകള്‍ പങ്കടെുക്കാതിരുന്നതിലുളള പ്രതിഷേധം മാധ്യമങ്ങളിലൂടെ അറിയിച്ച സംവിധായകന്‍ രഞ്ജിത്തിനോട് ഫെഫ്ക വിശദീകരണം തേടി. താര സംഘടനയായ അമ്മ നല്‍കിയ പരാതിയിലാണ് വിശദീകരണം തേടിയത്. ഫെഫ്ക അംഗം കൂടിയായ രഞ്ജിത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
യുവ നടന്‍മാരായ ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. ഷെഡ്യൂള്‍ ചെയ്ത ദിവസങ്ങളില്‍ ചിത്രീകരണത്തിന് ഈ താരങ്ങര്‍എത്താറില്ലെന്നും സാങ്കേതിക വിദഗ്ധരുമായി സഹകരിക്കുന്നില്ലെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. രേഖാമൂലം പരാതി നല്‍കിയാല്‍ ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ഫെഫ്ക ഭാരവാഹികള്‍ ഉറപ്പ് നല്‍കി.
സഹസംവിധായകര്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഇത്തവണയും പരാതി ഉയര്‍ന്നു. സഹസംവിധായകര്‍ക്ക് പ്രതിഫലം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് ബന്ധപ്പെട്ട സംവിധായകരുടെ ചുമതലയാണെന്ന് നിര്‍വാഹക സമിതി നേരത്തെ അറിയിച്ചിരുന്നു. നിര്‍മാതാവുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ സഹസംവിധായകരുടെ പ്രതിഫലം കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്തതില്‍ യോഗം അസംതൃപ്തി പ്രകടിപ്പിച്ചു. യൂനിയന്‍ പ്രസിഡന്റ് കമലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 160 സംവിധായകര്‍ പങ്കെടുത്തു.

Latest