Connect with us

National

പ്രമുഖ രാജ്യങ്ങള്‍ തോറ്റിടത്ത് മംഗള്‍യാന്റെ വിജയക്കുതിപ്പ്

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പിന്നിട്ടത് നിര്‍ണായകമായ ഘട്ടം. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയിലേക്കുള്ള ദീര്‍ഘ യാത്ര ആരംഭിച്ചതോടെ പല പ്രമുഖ രാജ്യങ്ങളും തോറ്റുമടങ്ങിയിടത്താണ് ഐ എസ് ആര്‍ ഒ വിജയക്കൊടി നാട്ടിയിരിക്കുന്നത്. 2011ല്‍ റഷ്യയില്‍ നിന്ന് ചൈന വിക്ഷേപിച്ച ചൊവ്വാ ദൗത്യം പരാജയപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ഉയര്‍ന്നു പോകാനാകാതെ അന്തരീക്ഷത്തില്‍ ഛിന്നഭിന്നമായ പേടകത്തിന്റെ കഷ്ണങ്ങള്‍ പെസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.
27 ദിവസത്തെ ഭൂ ഭ്രമണപഥം വിട്ടാണ് മംഗള്‍യാന്‍ സൂര്യന്റെ ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഈ ദിവസങ്ങള്‍ക്കിടെ ഒരു ലക്ഷം കിലോമീറ്റര്‍ പരിധിയിലേക്ക് ഉയര്‍ത്തുമ്പോള്‍ മാത്രമാണ് ദൗത്യത്തിന് നേരിയ പിഴവ് സംഭവിച്ചത്. ഇതൊഴിച്ചാല്‍ പേടകത്തിന്റെ ഓരോ കുതിപ്പും നേരത്തേ നിശ്ചയിക്കപ്പെട്ട നിലയില്‍ തന്നെയാണ് പുരോഗമിക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയിലേക്ക് മംഗള്‍യാന്‍ യാത്ര തിരിച്ചത്. മുന്നൂറ് ദിവസത്തെ യാത്രക്ക് ശേഷം 2014 സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
കഴിഞ്ഞ മാസം അഞ്ചിന് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പി എസ് എല്‍ വി – സി25 ആണ് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. ആറ് തവണയായി ഭ്രമണപഥം ദീര്‍ഘിപ്പിച്ച ശേഷമാണ് മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഐ എസ് ആര്‍ ഒയുടെ ബംഗളൂരുവിലുള്ള സ്റ്റേഷനില്‍ നിന്നാണ് മംഗള്‍യാന്റെ സഞ്ചാരപഥം നിയന്ത്രിച്ചിരുന്നത്.
250 ശാസ്ത്രജ്ഞരാണ് മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം വിടുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. സൂര്യന്റെയും ചൊവ്വയുടെയും ഗുരുത്വാകര്‍ഷണത്തിനിടയിലൂടെയുള്ള മംഗള്‍യാന്റെ സങ്കീര്‍ണമായ സഞ്ചാരത്തിനിടെ നാല് തവണയാണ് ഭൂമിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുക. ഇതില്‍ ആദ്യത്തേത് ഡിസംബര്‍ പതിനൊന്നിനാണ് നല്‍കുക. അടുത്ത വര്‍ഷം ഏപ്രില്‍, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് അടുത്ത നിര്‍ദേശങ്ങള്‍ നല്‍കുക.
ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് കുറഞ്ഞത് 366 കിലോമീറ്ററും കൂടിയത് എണ്‍പതിനായിരം കിലോമീറ്ററിലുമാകും പേടകത്തിന്റെ സഞ്ചാര പാത. അണ്ഡാകൃതിയിലാകും പേടകം ചൊവ്വയെ വലംവെക്കുക. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്നാണ് മംഗള്‍യാന്‍ പ്രധാനമായും പരിശോധിക്കുക. അഞ്ച് പേ ലോഡുകളാണ് പേടകത്തിലുള്ളത്.