Connect with us

International

ബംഗ്ലാദേശില്‍ മൂന്ന് ദിവസത്തെ പ്രതിപക്ഷ ബന്ദ് തുടങ്ങി

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷം ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് ഒരു കക്ഷിരഹിത സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. ജനുവരി അഞ്ചിനാണ് ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. റെയില്‍, റോഡ്, ജലഗതാഗതം തുടങ്ങിയവയെല്ലാം സതംഭിപ്പിക്കുമെന്നും നിഷ്പക്ഷവും നീതിപൂര്‍വകവുമായ ഒരു തിരഞ്ഞെടുപ്പാണ് ആവശ്യപ്പെടുന്നതെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന വക്താവ് റിസ്‌വി അഹ്മദ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ കക്ഷിയും, ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാറിന്റെ ഗൂഢാലോചനക്കെതിരെ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ടെന്ന് റിസ്‌വി വ്യക്തമാക്കി. നേരത്തെ, ബി എന്‍ പി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കക്ഷികള്‍ നടത്തിയ 71 മണിക്കൂര്‍ ദേശീയ ബന്ദില്‍ കനത്ത ഏറ്റുമുട്ടലുകളും തീവെപ്പും ബോംബ് ആക്രമണങ്ങളും നടന്നിരുന്നു.
ബന്ദില്‍ ധാക്കയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി, അര്‍ധ സൈനികനടക്കം 24 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബഹിഷ്‌കരിക്കുമെന്ന പ്രതിപക്ഷത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്താമത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തിഞ്ഞെടുപ്പ് കക്ഷിരഹിത സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും അല്ലാത്തപക്ഷം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നും ഖാലിദാ സിയ പ്രധാന മന്ത്രി ഹസീനയോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. 2006ലും ബംഗ്ലാദേശില്‍ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇരുകക്ഷികള്‍ക്കും സമ്മതനായ കെയര്‍ ടേക്കര്‍ സര്‍ക്കാറിന് കീഴില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ജനാധിപത്യ രീതിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.