Connect with us

Kerala

നിതാഖാത്ത്: തിരിച്ചെത്തിയത് 14,300 മലയാളികള്‍

Published

|

Last Updated

തിരുവനന്തപുരം: സഊദി അറേബ്യ നിതാഖാത് നടപ്പിലാക്കിയതോടെ ജോലി നഷ്ടപ്പെട്ട് ഇതുവരെ തിരിച്ചെത്തിയത് 14,300 മലയാളികള്‍. ഇളവ് കാലാവധി കഴിഞ്ഞതോടെ കര്‍ശന പരിശോധനക്കിടയില്‍ സഊദിയില്‍ പിടിയിലായ അയ്യായിരത്തോളം വിദേശികളില്‍ പതിനേഴ് മലയാളികള്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എംബസി നല്‍കുന്ന ഔദ്യോഗിക വിവരം. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക കൗണ്ടറുകളിലൂടെയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 14,300 ഓളം വരും. എന്നാല്‍, ഔദ്യോഗിക കണക്കില്‍ പെടാത്ത നിരവധി പേര്‍ നിതാഖാത് ഇളവിലൂടെ തിരിച്ചെത്തിയതായും നോര്‍ക്ക അധികൃതര്‍ സമ്മതിക്കുന്നുണ്ട്.

അതേസമയം, കൂടുതല്‍ മലയാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിട്ടുണ്ടെങ്കിലും അവരുടെ വിവരങ്ങളൊന്നും സഊദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സഊദിയില്‍ അനധികൃത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കിയത് ചെറുകിട, ഇടത്തരം വ്യാപാര മേഖലയെയും നിര്‍മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളിലേതുള്‍പ്പെടെ ഹെവി വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ പരിശോധന ഭയന്ന് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് പ്രധാന സിറ്റികളില്‍ മാലിന്യനീക്കവും സ്‌കൂളുകളുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്.
അനധികൃത താമസക്കാരെ പിടികൂടുന്നത് പോലീസും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും വിദേശകാര്യ വകുപ്പിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന സംയുക്ത സംഘമാണ്. പൊതുസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, ഓഫീസുകള്‍, പാര്‍ക്കുകള്‍ തുടങ്ങി മിക്ക സ്ഥലങ്ങളിലും അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 1200 ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന.
റോഡുകളിലും പൊതുസ്ഥലങ്ങളിലും പരിശോധന നടത്തുന്നത് സഊദി പോലീസിന്റെ നേതൃത്വത്തിലാണ്. ഇവരെ സഹായിക്കാന്‍ ജയില്‍ വകുപ്പിനെയും സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെയും പോലീസ് വകുപ്പിലേക്ക് മാറ്റിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട്‌പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.
പതിനേഴ് ലക്ഷം വിദേശി തൊഴിലാളികള്‍ നിതാഖാത് ഇളവുകാലം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം 9,51,272 വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടുണ്ട്.
സൗജന്യ യാത്രാനടപടികള്‍ ആരംഭിച്ചില്ല

തിരുവനന്തപുരം: നിതാഖാത് സമയ പരിധി കഴിഞ്ഞ് നാട്ടില്‍ മടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റ് ഉള്‍പ്പെടെ പ്രവാസി പാക്കേജ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചില്ല. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളെ നാട്ടിലെത്തെിക്കാന്‍ പ്രത്യേക വിമാനം അയക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുത്.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അഞ്ചംഗ സമിതിയാണ് നാട്ടിലെത്തേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കേണ്ടത്. എന്നാല്‍, മൂന്ന് സമിതികളും എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കേണ്ടതെന്ന മാര്‍ഗനിര്‍ദേശം കൃത്യമായി നല്‍കിയിരുന്നില്ല. ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയിരുന്നുവെങ്കിലും ഈ നമ്പറുകളില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest