Connect with us

Kerala

കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി തീരുമാനിച്ചു. വില നിയന്ത്രണപ്പട്ടികയിലുള്ള പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലെന്ന റിപ്പോട്ടിനെ തുടര്‍ന്നാണ് പുതിയ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മരുന്ന് വിലനിയന്ത്രണം അട്ടിമറിക്കാനുള്ള മരുന്ന് കമ്പനികളുടെ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം. ഈ വര്‍ഷം ജൂലൈയിലാണ് ഘട്ടം ഘട്ടമായി 348 ഇനം മരുന്നുകള്‍ക്ക് വില നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. വിപണി വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഔഷധവില നിയന്ത്രണ അതോറിറ്റി മരുന്ന് വില പുതുക്കി നിശ്ചയിച്ചത്. ഒരു വര്‍ഷത്തിനു ശേഷം വില പുതുക്കി നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. പല മരുന്നുകളുടെയും ഡോസേജും മറ്റും വ്യക്തമാക്കിയില്ലെന്നതടക്കം ഒട്ടേറെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ വേണം മരുന്ന് വില ഉയര്‍ത്താനെന്നും ഈ രംഗത്തുള്ള സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വിപണിയില്‍ ലഭ്യമായ ഏതാണ്ട് 652 മരുന്നുകള്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പട്ടികയില്‍പ്പെട്ട നൂറോളം മരുന്നുകളോ അവയുടെ വില വിവരമോ ഇപ്പോള്‍ വിപണിയിലില്ലെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി കണ്ടെത്തിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ 2009 ലാണ് 348 ഇനം മരുന്നുകള്‍ അവശ്യമരുന്നുകളായി പ്രഖ്യാപിച്ചതും തൊട്ടുപിന്നാലെ അവക്ക് വില നിയന്ത്രണം കൊണ്ടുവന്നതും. സുപ്രീം കോടതി നിര്‍ദേശപ്രകാരം ആരോഗ്യ മന്ത്രാലയമാണ് പട്ടിക തയ്യാറാക്കിയത്. 2002ലെ ഫാര്‍മ നയത്തിന്റെ ഭാഗമായിരുന്നു ഇത്. വിലനിയന്ത്രണം മറികടക്കാന്‍ പല മരുന്ന് കമ്പനികളും മരുന്നുകളുടെ ചേരുവയും പേരുമൊക്കെ മാറ്റി നേരത്തെ തന്നെ വിപണിയില്‍ സ്ഥാനമുറപ്പിച്ചതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ അവശ്യമരുന്നുപട്ടിക കാലഹരണപ്പെട്ടു. ഈ സാഹചര്യത്തില്‍ വിലനിയന്ത്രണം നിരീക്ഷിക്കുന്ന നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അവശ്യമരുന്ന് പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആരോഗ്യ മന്ത്രാലയം പുതിയ മരുന്ന് പട്ടികക്ക് നടപടി തുടങ്ങിയത്.

 

Latest