Connect with us

Kerala

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജ്‌

Published

|

Last Updated

തിരുവനന്തപുരം: നിതാഖാത്ത് നിയമവുമായി ബന്ധപ്പെട്ട് സഊദി അറേബ്യയില്‍ നിന്ന് തിരികെയെത്തുന്നവര്‍ക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മടങ്ങിയെത്തിയവരില്‍ തിരികെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അവിടെ തൊഴിലവസരം കണ്ടെത്തുന്നതിനും നാട്ടില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നതു ള്‍പ്പടെയുള്ള കാര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നല്‍കാന്‍ കഴിവുള്ള പ്രമുഖരായ വിദേശ ഇന്ത്യക്കാരുടെ സഹായത്തോടെയാകും ഇതു നടപ്പാക്കുക.
നോര്‍ക്കയില്‍ നിലവിലുള്ള ജോബ് പോര്‍ട്ടല്‍ സംവിധാനവും ഒഡെപെക്കിന്റെ റിക്രൂട്ട്‌മെ ന്റ് സംവിധാനവും പ്രയോജനപ്പെടുത്തി രാജ്യത്തിനകത്തും വിദേശത്തും ജോലി തേടാന്‍ സഹായം ആവശ്യമുള്ളവരുടെ പ്രത്യേക ഡാറ്റാ ബേസ് തയ്യാറാക്കി ഇവരെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി കെണ്ടത്താന്‍ സഹായിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ നൈപുണ്യം മെച്ചപ്പെടുത്തല്‍ പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ പരിശീലന വകുപ്പിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, നിക്ഷേപക സൗകര്യങ്ങള്‍ക്കു സഹായിക്കും. ഡയറി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ചെറുകിട ഡയറി യൂനിറ്റുകള്‍, വ്യവസായ വകുപ്പിന്റെ ചെറുകിട വ്യവസായ പദ്ധതികള്‍, കൃഷി വകുപ്പിന്റെ ഹൈടെക് ഫാമിംഗ്, ഗ്രീന്‍ ഹൗസ് പദ്ധതി, ഫ്‌ളെറികള്‍ച്ചര്‍, കെ എഫ് സി, കെ എസ് എഫ് ഇ എന്നിവയുടെ തൊഴില്‍ സംരംഭങ്ങള്‍, ഫിഷറീസ് വകുപ്പിന്റെ അലങ്കാര മത്സ്യകൃഷി പദ്ധതി എന്നിവ മുഖേന തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും.
ബന്ധപ്പെട്ട വകപ്പുകളില്‍ പദ്ധതി ഏകോപിപ്പിക്കാന്‍ ഓരോ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കും. തിരികെ വന്ന പ്രവാസികളുടെ ചെറിയ ഗ്രൂപ്പുകള്‍ക്ക് റെന്റ് എ കാര്‍ പദ്ധതി, പ്ലം ബിംഗ്, ഇലക്ട്രീഷ്യന്‍ തുടങ്ങിയ സേവനം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങള്‍ മുഖേന നടത്തുന്ന ചെറുകിട സംരംഭങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവക്ക് ബേങ്കുകള്‍ മുഖേന കുറഞ്ഞ പലിശ നിരക്കില്‍ വായ്പാ സൗകര്യം ഏര്‍പ്പെടുത്തും. നോര്‍ക്ക ഇപ്പോള്‍ നടപ്പാക്കിവരുന്ന ഡിപാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍സ് എമിഗ്രന്റ്‌സ് എന്ന പദ്ധതിയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വായ്പാ സൗകര്യത്തിനു പുറമെ സംരംഭകന് പരമാവധി രണ്ട് ലക്ഷം രൂപ മൂലധന സബ്‌സിഡി നല്‍കും. 20 ലക്ഷം രൂപ വരെ പദ്ധതിച്ചെലവുള്ള സംരംഭകര്‍ക്ക് 10 ശതമാനം മൂലധന സബ്‌സിഡി എന്ന നിരക്കില്‍ 1000 സംരംഭകര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിന് ആദ്യഘട്ടമായി 10 കോടി രൂപ അധിക ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
1000 പേര്‍ക്ക് 20 ലക്ഷം രൂപവരെ പദ്ധതിച്ചെലവുള്ള സംരംഭങ്ങള്‍ക്ക് മൊത്തം പലിശയുടെ അഞ്ച് ശതമാനം പലിശ സബ്‌സിഡി നല്‍കുന്നതിനായി 10-15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10 കോടി രൂപ ആവശ്യമായിവരും. ഇതിന് കേന്ദ്ര സഹായം തേടും. തിരികെ വന്ന പ്രവാസികളുടെ അഞ്ച് പേര്‍വീതമുള്ള ഓരോ ഗ്രൂപ്പിനും കെ എഫ് സിയുടെ സ്വയം സംരംഭകത്വ മിഷന്‍ പദ്ധതിയില്‍ 20 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പാ സഹായം നല്‍കും. ഗള്‍ഫ് മലയാളുകളുടെ വ്യവാസയ സംരംഭങ്ങള്‍ക്ക് ചേരമാന്‍ ഫിനാന്‍സ് സൊസൈറ്റി മുഖേന പലിശ രഹിത വായ്പ നല്‍കാന്‍ പദ്ധതികള്‍ തയ്യാറാക്കും.
സംസ്ഥാനത്തെ ബേങ്കുകളുടെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രവാസികള്‍ വഹിച്ച പങ്ക് കണക്കിലെടുത്ത് ഉദാരമായ വായ്പ വ്യവസ്ഥയില്‍, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബേങ്കിംഗ് കമ്മിറ്റി യോഗം വിളിച്ചുകൂട്ടി നടപടികള്‍ സ്വീകരിക്കുമെന്നും പാക്കേജ് ഉറപ്പ് നല്‍കുന്നു.

Latest