Connect with us

National

നേതൃത്വത്തിന്റെ 'പ്രിയങ്കരനെ' ജനങ്ങള്‍ക്ക് വേണ്ട

Published

|

Last Updated

ഇന്‍ഡോര്‍: ഭോപ്പാലില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ മുഖ്യമന്ത്രിയുമായ കൈലാഷ് ജോഷിയുടെ മകന്‍. ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം പ്രിയങ്കരന്‍. സിറ്റിംഗ് എം എല്‍ എ. പക്ഷെ, ദേവാസ് ജില്ലയിലെ ഹാത്പിപ്‌ലിയാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ദീപക് ജോഷിയെ വേണ്ട. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം ഒരു സംഘമാളുകള്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. തങ്ങള്‍ ബി ജെ പിക്കാര്‍ തന്നെയാണെന്നും മറ്റു പാര്‍ട്ടിക്കാരും കൂട്ടത്തിലുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് ഗൗനിക്കുന്നില്ല.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ബഹാദൂര്‍ മുകാതി, സംസ്ഥാന ടെക്സ്റ്റ് ബുക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റായ്‌സിംഗ് സെന്ധേവ് എന്നിവരോടൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദേശം സമര്‍പ്പിച്ചത്. ബഹാദൂര്‍ മുകാതിയും റായ്‌സിംഗ് സെന്ധേവും ഹാത്പിപ്‌ലിയാ മണ്ഡലത്തിലെ ടിക്കറ്റിനായി ചരട് വലിച്ചവരായിരുന്നു.
2008ലെ തിരഞ്ഞെടുപ്പില്‍ 220 വോട്ട് മാത്രമായിരുന്നു ദീപക് ജോഷിയുടെ ഭൂരിപക്ഷം. മാത്രമല്ല അന്ന് മത്സരിച്ച കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി നാരായണ്‍ സിംഗ് ചൗധരി 21,000 വോട്ട് നേടുകയും ചെയ്തു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത് 35,185 വോട്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതൃത്വത്തിന് മേല്‍ സീറ്റ്‌മോഹികള്‍ സമ്മര്‍ദം ശക്തമാക്കിയത്. എന്നാല്‍ പിതാവിന്റെ സ്വാധീനവും ഉന്നതങ്ങളിലെ പിടിപാടും ജോഷിക്ക് തുണയായി. മധ്യപ്രദേശ് ബി ജെ പിയിലെ വിഭാഗീയത ഏറ്റവുമേറെ പ്രതിഫലിക്കുക ഹാത്പിപ്‌ലിയയിലായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഗോത്ര വര്‍ഗ മേഖലയിലെ പരസ്യ വിമത പ്രവര്‍ത്തനങ്ങള്‍ ഇതിനകം പാര്‍ട്ടിക്ക് തലവേദനായായിട്ടുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണെന്നത് കോണ്‍ഗ്രസിന്റെ പ്രചാരണം മാത്രമാണെന്ന് ജോഷി അവകാശപ്പെട്ടു. പാര്‍ട്ടി തനിക്ക് ബ്രാഹ്മണ ഭൂരിപക്ഷ മണ്ഡലമായ ഗേത്ഗാവില്‍ ടിക്കറ്റ് തന്നിരുന്നുവെന്നും എന്നാല്‍ ഹാത്പിപ്‌ലിയയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം ഉള്ളതു കൊണ്ടാണ് ഇവിടെ തന്നെ മത്സരിക്കുന്നതെന്നും ജോഷി പറഞ്ഞു.
ഒരാഴ്ച മുമ്പ് ആയിരത്തോളം ബി ജെ പി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജോഷിയെ ഹാത്പിപ്‌ലിയയില്‍ വീണ്ടും മത്സരിപ്പിക്കരുതെന്നായിരുന്നു പ്രധാന ആവശ്യം.

---- facebook comment plugin here -----

Latest