Connect with us

National

പൂന്തോട്ടക്കാരനായി ലാലു; ദിവസക്കൂലി 14 രൂപ

Published

|

Last Updated

റാഞ്ചി: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലില്‍ പൂന്തോട്ട പരിപാലകനായി ജോലി ലഭിച്ചു. ദിവസം 14 രൂപയാണ് കൂലി. ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ പുല്‍ത്തകിടിയും പുഷ്പങ്ങളും പച്ചക്കറികളും പരിപാലിക്കുന്നതില്‍ തനിക്ക് അതീവ സന്തോഷമുണ്ടെന്ന് ലാലു പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലാലു ജോലി ചെയ്യാന്‍ ആരംഭിച്ചത്. അതിന് ഒരാഴ്ച മുമ്പ് ജോലി നല്‍കിയിരുന്നെങ്കിലും ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ തീര്‍പ്പ് വരാന്‍ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഹരജി കോടതി തള്ളിയിരുന്നു. അഴിമതി കേസില്‍ ലാലുവിനൊപ്പം ശിക്ഷിക്കപ്പെട്ട മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഐ ആര്‍ എസ് ഉദ്യോഗസ്ഥനും അധ്യാപക ജോലിയാണ് ലഭിച്ചത്.
മറ്റ് പൂന്തോട്ട പരിപാലകര്‍ക്ക് നിര്‍ദേശം നല്‍കുന്നതും അവര്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം ചെയ്യുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഒഴിവ് ലഭിക്കും. 52 ഏക്കര്‍ വിശാലമായ ജയില്‍ വളപ്പില്‍ വലിയ പൂന്തോട്ടമാണുള്ളത്. രാഷ്ട്രമീമാംസയില്‍ ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്നും പ്രഭാഷണം നടത്താന്‍ ക്ഷണവും ലഭിച്ച ലാലുവിന് അധ്യാപന ജോലിയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍, സുരക്ഷാ കാരണത്താല്‍ ജയില്‍ അധികൃതര്‍ ഇത് ഒഴിവാക്കുകയായിരുന്നു. മുവായിരത്തോളം തടവുകാരില്‍ 30 ശതമാനം കൊടും കുറ്റവാളികളും 10 ശതമാനം മാവോയിസ്റ്റുകളുമാണ്. ജയില്‍ നിയമം ലംഘിച്ച് ദിവസവും നിരവധി സന്ദര്‍ശകരെ ലാലു കാണുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

---- facebook comment plugin here -----

Latest