Articles
കളിപ്പിച്ചും കബളിപ്പിച്ചും ആതുരാലയങ്ങള്‍

കണ്ണൂര്‍ കൊട്ടിയൂരിലെ തുള്ളമ്പാറയില്‍ റെജിയുടെ ഭാര്യ ഷിജി(34) കഴിഞ്ഞ ജൂണ്‍ 18നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. പനിയെത്തുടര്‍ന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവര്‍ ആദ്യം ചികിത്സ തേടിയത്. തുടക്കത്തില്‍ തന്നെ മരുന്ന് പരീക്ഷണങ്ങള്‍ക്കാണ് ഇവരെ ഡോക്ടര്‍ വിധേയയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകാതെ ഇവര്‍ അത്യാസന്ന നിലയിലായി. ഇത് കണ്ട് ഭയന്ന ബന്ധുക്കള്‍ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി തേടിയെങ്കിലും ഡോക്ടര്‍ അനുവദിച്ചില്ല. എന്നാല്‍ 16ന് വീണ്ടും സ്ഥിതി വഷളായി. അപ്പോഴേക്കും അണുബാധ ആന്തരാവയവങ്ങളിലേക്കെത്തിയിരുന്നു. പാന്‍ക്രിയാസ്, കിഡ്‌നി എന്നിവയെല്ലാം തകര്‍ന്നു. ഡോക്ടര്‍ പിന്നെ ആശുപത്രിയില്‍ വന്നതേയില്ല. ഇതോടെയാണ് ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ രാത്രിയോടെ മരിച്ചു. ഇവിടെ ചികിത്സിച്ച ഡോക്ടര്‍ വീമ്പ് പറഞ്ഞത് അഞ്ച് മണിക്കൂര്‍ മുമ്പ് രോഗിയെ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാനാകുമായിരുന്നു എന്നായിരുന്നു.
ഇരിട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ചികിത്സയിലെ അനാസ്ഥക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്ന് ഷിജിയുടെ കുടുംബം. ഇവരെ സഹായിക്കാന്‍ ആക്ഷന്‍ കമ്മിറ്റിയും രംഗത്തുണ്ട്. സ്വകാര്യ ആശുപത്രിയുടെ കൊള്ളയടിക്കും ഡോക്ടറുടെ അനാസ്ഥക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ഡി എം ഒക്കും പോലീസ് മേധാവിക്കുമെല്ലാം ഇവര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നൂറുകണക്കിന് പനി മരണങ്ങളില്‍ ഒന്നായി ഷിജിയുടെതും. നൂറായിരം ചികിത്സയിലെ അനാസ്ഥകളിലൊന്നുമാത്രമായി ഈ കേസും.
തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പനി മൂലമെത്തിയതായിരുന്നു പ്രാവച്ചനമ്പലത്തെ സജീവിന്റെ ഭാര്യ സാമിയ സജീവ് (43). ഡ്രിപ്പ് നല്‍കി ഉടനെ തിരിച്ചുപോകാം എന്നായിരുന്നു ആദ്യം ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അവരാണ് ഡെങ്കിപ്പനിയാണെന്ന് സംശയം പ്രകടിപ്പിച്ചത്. അതോടെ ഐ സി യുവിലേക്ക് മാറ്റി. പിന്നീട് ടെസ്റ്റുകളുടെയും ആന്റി ബയോട്ടിക്കുകളുടെയും പരീക്ഷണത്തിന് വിധേയയാക്കുകയായിരുന്നു ഇവരെ എന്ന് ഭര്‍ത്താവ് സജീവ് പറയുന്നു. ഒടുവില്‍ മൃതദേഹവുമായാണ് ബന്ധുക്കള്‍ക്ക് മടങ്ങേണ്ടി വന്നത്.
സംഭവം വിവാദമായി. ആശുപത്രി പരിസരം സംഘര്‍ഷഭരിതമായി. കേസ് ഷീറ്റ് നല്‍കണമെന്നായി ബന്ധുക്കള്‍. നല്‍കില്ലെന്ന് ആശുപത്രിക്കാരും. ഇതേച്ചൊല്ലിയായിരുന്നു സംഘര്‍ഷം. മരുന്നുകളുടെ കടന്നാക്രമണം മൂലം രണ്ട് വൃക്കകള്‍ ഉള്‍പ്പെടെ ആന്തരാവയവങ്ങള്‍ നിലച്ചതാണ് ഇവരുടെ മരണകാരണമെന്നാണ് വ്യക്തമായത്. ഇന്നും ആശുപത്രിക്കെതിരെ സമരമുഖത്താണ് സജീവും ബന്ധുക്കളും.
മലപ്പുറം വളവന്നൂരില്‍ കഴിഞ്ഞ ജൂണ്‍ 29നാണ് പത്താം ക്ലാസുകാരനായ ജില്‍സാദ് എച്ച് വണ്‍ എന്‍ വണ്‍ പനിയെത്തുടര്‍ന്ന് മരിച്ചത്. ഒരാഴ്ച മാത്രമേ പത്താം ക്ലാസിലെ പഠനമുറിയില്‍ അവനിരിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഈ കുട്ടിയുടെ മരണവും തെറ്റായ ചികിത്സകൊണ്ടുണ്ടായ ദാരുണാന്ത്യമാണെന്നാണ് ബന്ധുക്കള്‍ സിറാജിനോട് പറഞ്ഞത്. പല ആശുപത്രികളിലാണ് ചികിത്സക്കായി ജില്‍സാദിനെയും കൊണ്ട് ബന്ധുക്കള്‍ ഓടിയത്.
മഞ്ഞപ്പിത്തമാണെന്ന് ഒരു ഡോക്ടര്‍ വിധിച്ചു. പന്നിപ്പനിയാണെന്ന് വേറൊരു ഡോക്ടര്‍. ഇതൊന്നുമായിരുന്നില്ലെന്നാണ് ജില്‍സാദിന്റെ മാതാവിന്റെ സാക്ഷ്യം. “മഞ്ഞപ്പിത്തവും പന്നിപ്പനിയും ഒക്കെയാണെങ്കില്‍ മറ്റുള്ളവര്‍ക്കും പകരേണ്ടതല്ലേ.” -അവര്‍ ചോദിക്കുന്നു. 24 മണിക്കൂറും മകനെ പരിചരിച്ചിരുന്നത് അവരായിരുന്നു. അവന്‍ കഴിച്ച ഭക്ഷണവും കുടിച്ചവെള്ളവും എല്ലാം തന്നെയാണ് അവരും കഴിച്ചത്. എന്നിട്ടും അവര്‍ക്കൊരസുഖവും ഉണ്ടായില്ല. ഒടുവില്‍ പത്രവാര്‍ത്തയില്‍ ജില്ലയിലെ ആദ്യത്തെ എച്ച് വണ്‍ എന്‍ വണ്‍ മരണമായി ജില്‍സാദിന്റെ മരണം മാറുകയായിരുന്നു.
ആളുകള്‍ കരുതുന്നത് പോലെ മാരകമായ രോഗമൊന്നുമല്ല പന്നിപ്പനി എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട പ്രിന്‍സിപ്പല്‍ ഡോ. വി കെ മാധവന്‍ കുട്ടിയുടെ അഭിപ്രായം. മരണം സംഭവിക്കുന്നതു പോലും ഒരു ശതമാനം പേരിലേയുള്ളൂ. അതുതന്നെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളോ വൃദ്ധരോ മറ്റേതെങ്കിലും ഗുരുതര രോഗങ്ങള്‍ ഉള്ളവരോ മാത്രമാണെന്നും അദ്ദേഹം പറയന്നു.
എന്നിട്ടും ഒരു മാരകരോഗവുമില്ലാത്ത ഈ വിദ്യാര്‍ഥിക്കും മരണമാണ് ആശുപത്രിയിലെ ചികിത്സ വിധിച്ചത്. അതും ആയിരക്കണക്കിന് പനി മരണങ്ങളിലൊന്നായി എഴുതിത്തള്ളി. എച്ച് വണ്‍ എന്‍ വണ്ണിന്റെ ഭീകരതക്കും ഭീതിക്കും ഇത്രയേറെ പ്രചാരം ലഭിച്ചതുകൊണ്ട് ചികിത്സയിലെ പിഴവിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ആരും ഉണ്ടായില്ല. പന്നിപ്പനിയല്ലേ… മരിക്കാതിരിക്വോ എന്നാണ് വിദ്യാസമ്പന്നനായ ഒരു അയല്‍വാസി പോലും പ്രതികരിച്ചത്. നിസ്സാര രോഗങ്ങള്‍ക്ക് ചികിത്സ തേടി കൊച്ചിയിലെ പ്രമുഖ മള്‍ട്ടിനാഷനല്‍ ആശുപത്രികളിലെത്തുന്ന രോഗികളില്‍ മാറാരോഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത ചികിത്സയും മരുന്ന് പരീക്ഷണവും നടത്തുന്നുവെന്ന വെളിപ്പെടുത്തലുമായി 2013 ജൂണ്‍ 18ന് രംഗത്ത് വന്നത് ഒരു എം ബി ബി എസ് ഡോക്ടറായിരുന്നു. എറണാകുളം പാച്ചാളം ആതിരയില്‍ ഡോ. രാഹുലാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ പിതാവിനെ ബലം പ്രയോഗിച്ച് ചികിത്സക്ക് വിധേയനാക്കുകയും മാനസിക രോഗത്തിനുള്ള മരുന്ന് പരീക്ഷണം നടത്തുകയും ചെയ്തതിനെതിരെ രംഗത്ത് വന്നത്. തലയിടിച്ച് വീണ് ഡോ. രാഹുല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴായിരുന്നു പിതാവ് വിജയകുമാറിനെ ഡോക്ടര്‍മാര്‍ മരുന്ന് പരീക്ഷണത്തിന് വിധേയനാക്കിയത്. ചികിത്സയിലായ ഡോ. രാഹുലിനെ ഈ വിവരം ബന്ധുക്കള്‍ അറിയിച്ചിരുന്നില്ല. 15 ലക്ഷം രൂപയാണ് ചികിത്സാ ഇനത്തില്‍ ബന്ധുക്കളില്‍ നിന്നും ആശുപത്രി ഈടാക്കിയത്. ഇനി പണമില്ലെന്ന് പറയുന്നതുവരെ ആശുപത്രിയില്‍ നിന്ന് പിതാവിനെ വിട്ടു നല്‍കിയില്ലെന്നും ഡോ. രാഹുല്‍ ആരോപിക്കുന്നു.
32 ദിവസം ഐ സി യു വിലായിരുന്നു ഇദ്ദേഹം. ഇനി പണമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടക്കി അയക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. പിന്നീട് ആയൂര്‍വേദ ചികിത്സയാണ് നടത്തിയത്. ഇവിടെ ചികിത്സക്കെത്തുന്ന ഒട്ടുമിക്ക രോഗികള്‍ക്കും ഇതാണവസ്ഥയെന്ന് ഡോ. രാഹുല്‍ ആരോപിക്കുന്നു. കൂടുതല്‍ പേരെ രക്ഷിക്കാനായാണ് നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു എം ബി ബി എസ് ഡോക്ടറുടെ പിതാവിന് പോലും പനിക്ക് ചികിത്സ തേടി എത്തിയാല്‍ ഇതാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള അനുഭവമെങ്കില്‍ പാവങ്ങളുടെ ഗതികേട് മനസ്സിലാക്കാന്‍ തൊടുപുഴ കോടിക്കുളത്ത് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ചാലില്‍ ഷമീറിന്റെ കഥ മാത്രം കേട്ടാല്‍ മതി. 32 വയസ്സിനിടെ ഭാര്യയെയും മൂന്ന് മക്കളെയും മാതാപിതാക്കളെയും തനിച്ചാക്കി ഷമീര്‍ ആത്മഹത്യ ചെയ്തത് ചികിത്സാ ചെലവ് താങ്ങാനാകാതെയായിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഈ യുവാവിനെ ആശുപത്രി ബില്ലടക്കാന്‍ കാശില്ലാതായതോടെ ആശുപത്രിയില്‍ നിന്നും മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നിന്നും ചികിത്സ പൂര്‍ത്തിയാക്കാതെ മറ്റൊരിടത്തേക്കും റഫര്‍ ചെയ്തു. അവിടെ നിന്നും വീട്ടിലേക്കാണ് രോഗിയെ പറഞ്ഞുവിട്ടത്. അപ്പോഴേക്കും പരിചരിക്കാന്‍ നിന്ന ഭാര്യക്കും അസുഖം പിടിപെട്ടിരുന്നു. ഓട്ടോ ഡ്രൈവറായ ഷെമീര്‍ കിടപ്പിലായതോടെ ആ കുടുംബം പട്ടിണിയിലായി. താമസവും പുറമ്പോക്കിലായി. ആശുപത്രിക്കാരും ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ ജീവിതത്തെ തന്നെ തോല്‍പ്പിക്കുകയാണുണ്ടായത്. മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ത് ചെയ്യണം ഒരു ഇരുപത്തിയാറുകാരി?
ആശുപത്രി ചികിത്സകള്‍ വഴിയാധാരമാക്കിയവരും വീടും കിടപ്പാടവും വിറ്റിട്ടും ആരോഗ്യവും ജീവനും നഷ്ടപ്പെട്ടവരുമായ പതിനായിരങ്ങളെ ചൂണ്ടിക്കാണിക്കാനുണ്ട്. അസുഖം മാറിയവരും ഉണ്ടാകും. പക്ഷേ, അവരില്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കാത്തവര്‍ എത്ര പേരുണ്ടാകും? എന്നാല്‍ പ്രകൃതി വഴിയിലൂടെയും ഹോമിയോപ്പതിയിലൂടെയും ആയൂര്‍വേദത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു നടന്നവരുടെ അനുഭവങ്ങള്‍ മറ്റൊന്നാണ്. അവര്‍ക്ക് പാര്‍ശ്വഫലങ്ങളുടെയോ സാമ്പത്തിക നഷ്ടത്തിന്റെയോ കണക്കുകള്‍ നിരത്താനുമില്ല. പകരാനുള്ളത് ആരോഗ്യ ജീവിതത്തിന്റെ സംതൃപ്തമായ അനുഭവങ്ങള്‍ മാത്രം.