Connect with us

Malappuram

ആര്‍ ബി എസ്‌റ്റേറ്റില്‍ പുലിയുടെ കാല്‍പാടുകള്‍; ജനം ഭീതിയില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് പെടയന്താള്‍ ജംഗ്ഷനില്‍ പുലി ഇറങ്ങി. മൂന്നും കൂടിയ സ്ഥലത്തെ ആര്‍ ബി എസ്റ്റേറ്റില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെതാണ് ജനങ്ങള്‍ ഭീതിയിലാകാന്‍ കാരണം. നെല്ലിക്കര വന മേഖലയില്‍ നിന്നായിരിക്കും പുലി ഇവിടേക്ക് എത്തിയതാണെന്നാണ് കരുതുന്നത്. ചോക്കാട് ഗിരിജന്‍ കോളനിയുടെ തെങ്ങും തോപ്പിന് സമീപത്തെ ആര്‍ ബി എസ്റ്റേറ്റ് ഭാഗത്ത് ആദ്യമായിട്ടാണ് പുലി ഇറങ്ങുന്നത്. കൊട്ടന്‍ ചോക്കാടന്‍ മലവാരത്തിനോട് ചേര്‍ന്ന നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയില്‍ പുലിയിറങ്ങി വളര്‍ത്തു നായകളേയും ആടുകളേയും കടിച്ചിരുന്നു. നാല്‍പത് സെന്റില്‍ നിന്നും പശുക്കളേയും നായകളേയും പുലി കടിച്ച് കൊണ്ട് പോയിരുന്നു. സ്വകാര്യ തോട്ടങ്ങളില്‍ കാവല്‍ നിര്‍ത്തിയിരുന്ന നായകളെ ചങ്ങല പൊട്ടിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് പുലി കൊണ്ടുപോയത്. തുടര്‍ച്ചയായി പുലിയുടെ അക്രമണം ഉണ്ടായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നും പുലിക്കെണി കൊണ്ടുവന്ന് സ്ഥാപിച്ചിരുന്നു. ദിവസങ്ങളോളം കെണി വെച്ചെങ്കിലും പുലി കുടുങ്ങിയില്ല. ഒടുവില്‍ വയനാട്ടിലേക്ക് തന്നെ കെണി കൊണ്ട് പോവുകയും ചെയ്തു. ഏതാനും മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിയുണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഗിരിജന്‍ കോളനിയിലെ ആറ് ആടുകളെ ചെന്നായ കടിച്ചിരുന്നു. കാട്ടാനകളുടെ അക്രമണം തുടര്‍ക്കഥയായ നാല്‍പത് സെന്റ് മേഖലയില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടത് ജനം ഭീതിയിലാകാന്‍ ഇടയായിട്ടുണ്ട്.