Connect with us

International

പ്രതിപക്ഷവുമായി സമാധാന ചര്‍ച്ചക്ക് തയ്യാറെന്ന് സിറിയ

Published

|

Last Updated

ദമസ്‌കസ്: രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഒരിക്കല്‍ കൂടി സിറിയ വ്യക്തമാക്കി. ദേര്‍ അസ്സൂര്‍ അടക്കമുള്ള സിറിയയിലെ പ്രക്ഷോഭ നഗരങ്ങളില്‍ സൈന്യത്തിനെതിരെ വിമതര്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുകയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ വധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സിറിയ ആവര്‍ത്തിച്ചത്. സൈനിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ജമാഅയുടെ വധത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും രാജ്യത്തെ സംരക്ഷിക്കാനായി ശക്തമായ പോരാട്ടം നടത്തിയ ജമാഅയെ വിമതര്‍ ക്രൂരമായി വധിക്കുകയായിരുന്നുവെന്നും സിറിയന്‍ വക്താക്കള്‍ അറിയിച്ചു.
അതിനിടെ, അടുത്ത മാസം 23, 24 തീയതികളില്‍ ജനീവയിലാണ് സമാധാന ചര്‍ച്ച നടക്കുകയായെന്ന് സിറിയന്‍ ഉപ പ്രധാനമന്ത്രി ഖ്വാദിരി ജമീല്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച എന്ന് നടക്കുമെന്നതിനെ കുറിച്ച് യു എന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ചര്‍ച്ച തീരുമാനിക്കേണ്ടത് യു എന്‍ മേധാവി ബാന്‍ കി മൂണാണെന്ന് യു എന്‍ വക്താക്കളും റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. അതേസമയം, വരാനിരിക്കുന്ന സമാധാന ചര്‍ച്ചയുടെ മുന്നോടിയായി അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് സിറിയന്‍ വിമതരെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു.