Connect with us

Wayanad

കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

Published

|

Last Updated

കല്‍പറ്റ: വിജയദശമി ദിനത്തില്‍ ജില്ലയിലെ ക്ഷേത്രാങ്കണങ്ങളില്‍ ആയിരക്കണക്കില്‍ കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യയ്ക്ക് തടസമുണ്ടാവരുതെന്ന പ്രാര്‍ഥനയോടെ നാവിന്‍ തുമ്പില്‍ ഹരിശ്രീ കുറിക്കാന്‍ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം നൂറ് കണക്കില്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുമായി എത്തിയിരുന്നു. കല്‍പറ്റ ഗ്രാമം ദേവി ക്ഷേത്രം, മണിയങ്കോട് വിഷ്ണുക്ഷേത്രം, കല്‍പറ്റ മാരിയമ്മന്‍ ക്ഷേത്രം, ബത്തേരി മഹാഗണപതിക്ഷേത്രം, ബത്തേരി മാരിയമ്മന്‍ ക്ഷേത്രം, പുല്‍പള്ളി സീതാലവകുശ ക്ഷേത്രം, കേളേരി ഷണ്മുഖക്ഷേത്രം, വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, വടേരി ശിവക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം തുടങ്ങിയേടങ്ങളിലെല്ലാം വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്താന്‍ തിരക്ക് അനുഭവപ്പെട്ടു. കല്‍പറ്റ ഗ്രാമം ദേവീക്ഷേത്രത്തില്‍ വൈക്കം പ്രശാന്തന്‍, ഡോ എ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയും നടന്നു. വൈക്കം പ്രശാന്തന്റെ നിരവധി ശിഷ്യരും ശാസ്ത്രീയ സംഗീത അര്‍ച്ചനയില്‍ പങ്കെടുത്തു. വാഹന പൂജയ്ക്കും മിക്ക ക്ഷേത്രങ്ങളിലും തിരക്കുണ്ടായി. വര്‍ക്ക്‌ഷോപ്പുകളും ഈര്‍ച്ച മില്ലുകളും അടക്കമുള്ള തൊഴിലിടങ്ങള്‍ വൃത്തിയാക്കി കുരുത്തോലയും മറ്റും ഉപയോഗിച്ച് അലങ്കരിച്ച് പൂജാദികര്‍മങ്ങള്‍ നടത്തി.

 

Latest