Connect with us

Malappuram

പയ്യനാട് സ്റ്റേഡിയം നിര്‍മാണം വേഗത്തിലാക്കാന്‍ ജില്ലയിലെ എം എല്‍ എമാര്‍ ഒറ്റക്കെട്ട്‌

Published

|

Last Updated

മഞ്ചേരി: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ മഞ്ചേരി സ്റ്റേഡിയം ഫണ്ടിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ പി അനില്‍കുമാര്‍ എന്നിവര്‍ കാല്‍ കോടി വീതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
എം എല്‍ എമാരായ പി ശ്രീരാമകൃഷ്ണന്‍, ടി എ അഹമ്മദ് കബീര്‍, പി ഉബൈദുല്ല എന്നിവരും 25 ലക്ഷം രൂപ വീതം നല്‍കി. മറ്റു മന്ത്രിമാരും എം എല്‍ എമാരും സന്നദ്ധത അറിയിച്ചതായി എം ഉമ്മര്‍ എം എല്‍ എ പറഞ്ഞു. എം ഉമ്മര്‍ എം എല്‍ എ ഒരു കോടി രൂപയാണ് സ്റ്റേഡിയത്തിന് അനുവദിച്ചത്. സ്റ്റേഡിയത്തിലെ ഇന്റേണല്‍ റോഡിന് വേണ്ടിയായിരുന്നു തുക വകയിരുത്തിയത്. എന്നാല്‍ കരാറുകാരന്‍ കോടതിയെ സമീപിച്ച് റോഡ് നിര്‍മാണത്തിന് സ്റ്റേ നീക്കം ചെയ്തു. ഈ മാസം 16ന് പണി ആരംഭിക്കും. സ്റ്റേഡിയത്തിന്റെ പൂര്‍ത്തിയാകാനുള്ള ജോലികളും 16ന് തുടങ്ങും. സിവില്‍ എന്‍ജിനീയര്‍മാരും കരാറുകാരും സ്റ്റേഡിയത്തിലെത്തി പ്രവൃത്തികള്‍ വിലയിരുത്തി.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും കൂടിയാലോചനയും ഉണ്ടായാല്‍ രണ്ടുമാസത്തിനകം സ്റ്റേഡിയത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാകുമെന്ന് കരാറുകാരും എന്‍ജിനീയര്‍മാരും പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് കോടി രൂപയുണ്ടെങ്കില്‍ പവലിയന്‍, ഗ്യാലറി, ഡ്രസ്സിംഗ് റൂം, മൈതാനം തുടങ്ങി അനിവാര്യമായതും അത്യാവശ്യമായതുമായ പ്രവൃത്തികള്‍ ഡിസംബര്‍ 15ന് മുമ്പായി പൂര്‍ത്തിയാക്കാനാകുമെന്ന് ഇവര്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുമ്പായി വൈദ്യുതി, കുടിവെള്ളം എന്നിവയും എത്തിക്കും. ത്രിതല പഞ്ചായത്തുകള്‍ അവരുടെ കൂട്ടായ്മയലൂടെ വിഹിതം സമാഹരിച്ച് നല്‍കാന്‍ പദ്ധതി തെയ്യാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്തും മഞ്ചേരി നഗരസഭയും ഫണ്ടനുവദിച്ചിട്ടുണ്ട്.
ഈമാസം 28ല്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് പത്ത് രൂപ വീതം ഫണ്ട് സമാഹരിക്കുന്ന പ്രഖ്യാപിത പദ്ധതി വിജയിപ്പിക്കാനാണ് യോഗം വിളിച്ചിട്ടുള്ളത്. മഞ്ചേരി എച്ച് എം കോളജ് വിദ്യാര്‍ഥികള്‍ സ്റ്റേഡിയത്തിന് വേണ്ടി സമാഹരിച്ചത് നാലായിരത്തോളം രൂപയായിരുന്നു.