Kerala
മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിലെ പുരസ്‌കാരം സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങലിന് ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ലോകമാനസികാരോഗ്യ വാരാചരണത്തിന്റെ സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് വിതരണം ചെയ്തത്. മാനസികാരോഗ്യ കേന്ദ്രങ്ങളല്ല മനോരോഗ കേന്ദ്രങ്ങള്‍ എന്ന പേരില്‍ 2012 ഡിസംബര്‍ 25 മുതല്‍ 31 വരെ സിറാജില്‍ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയാണ് ഹംസ ആലുങ്ങലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ദൃശ്യമാധ്യമ വിഭാഗത്തിലെ അവാര്‍ഡ് മനോരമ ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ ബിനോയ് രാജന് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ഹംസ ആലുങ്ങലിന്റെ ലേഖന പരമ്പര അര്‍ഹമായിരുന്നു. സംസ്ഥാന പ്രവാസി മാധ്യമ അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമ സമിതി അവാര്‍ഡ്, ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരം, തുടങ്ങി പന്ത്രണ്ടോളം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി പ്രസിഡന്റ് സി ആര്‍ രാധാകൃഷ്ണന്‍, മെഡിക്കല്‍ കോളജ് സൈക്കാട്രി വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, ഡോ. പ്രഭാചന്ദ്രന്‍ നായര്‍, ഡോ. മോഹന്‍ റോയ്, വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ പങ്കെടുത്തു.