Connect with us

Ongoing News

ധോണിയുടെ പിന്‍ഗാമിയാകാന്‍ രോഹിത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടത്തില്‍ മുംബൈ ഇന്ത്യന്‍സ് മുത്തമിട്ടതോടെ രോഹിത് ശര്‍മ എന്ന യുവനായകന്റെ മികവിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ഐ പി എല്ലിന് പിറകെ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി മുംബൈ മാറിയപ്പോള്‍ മുന്‍ഗാമികള്‍ ചെന്നൈ ആയിരുന്നു.
ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും. സ്വാഭാവികമായും എം എസിനോടാണ് ആര്‍ എസിനെ ഉപമിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്നവരാണ് രണ്ട് പേരും. ഫൈനലില്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സടിച്ചു കൂട്ടിയപ്പോള്‍ രോഹിത് ശര്‍മയുടെ പങ്ക് വലുതായിരുന്നു. പതിനാല് പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമുള്‍പ്പടെ 33 റണ്‍സാണ് ക്യാപ്റ്റന്റെ സംഭാവന. മധ്യനിരയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മഹേന്ദ്ര സിംഗ് ധോണി കരുത്തേകുന്നതിന് സമാനമായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയെ പോലെ മുന്നില്‍ നിന്ന് പടനയിക്കുന്ന ക്യാപ്റ്റനാകാനാണ് രോഹിതിനും ഇഷ്ടം. ധോണി തന്നെയാണ് രോഹിതിനെ ഏറെ സ്വാധീനിച്ച നേതൃസ്ഥാനീയന്‍.
ആധുനിക ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യാന്‍ രോഹിത് ശര്‍മ തയ്യാറാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ യുവതാരം യത്‌നിച്ചത് ഏതെങ്കിലുമൊരു വിഭാഗത്തിലേക്ക് ഒതുക്കപ്പെടാതിരിക്കാനാണ്.ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യക്കായി തിളങ്ങിയ രോഹിതിന് പക്ഷേ ടെസ്റ്റ് ക്യാപ് ഇനിയും സാധ്യമായിട്ടില്ല. പലപ്പോഴും പരുക്കാണ് വില്ലനായത്. 2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തെങ്കിലും പരിശീലന സെഷനില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പരുക്കേറ്റത് രോഹിതിന് തിരിച്ചടിയായി. 2011 ല്‍ വെസ്റ്റിന്‍ഡീസിനെതിരും ആസ്‌ത്രേലിയക്കെതിരെയും ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടാതെ പോയി.