Connect with us

Kerala

ടി പി വധക്കേസ്: മൂന്ന് പത്രാധിപന്മാരെ വിസ്തരിക്കണം-പ്രതിഭാഗം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 14 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സാക്ഷിപ്പട്ടിക പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് പത്രാധിപന്‍മാരുടെ പേരും പ്രതിഭാഗം എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നല്‍കിയ പട്ടികയിലുണ്ട്.
മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യു, മാതൃഭൂമി എഡിറ്റര്‍ എം കേശവ മേനോന്‍, കേരള കൗമുദി മാനേജിംഗ് എഡിറ്റര്‍ ദീപു രവി, ഒഞ്ചിയത്തെ ഗീത സ്റ്റുഡിയോയിലെ ഫോട്ടോ ഗ്രാഫര്‍ പി എം ഭാസ്‌കരന്‍, സി പി എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി മടപ്പള്ളി കണ്ണൂക്കരയിലെ വി പി ഗോപാലകൃഷ്ണന്‍, തലശ്ശേരി തുവ്വക്കുന്നിലെ എം കെ ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പ്രസാദന്‍ എന്നിവരടങ്ങിയ പട്ടികയാണ് സമര്‍പ്പിച്ചത്. ഇവരുടെ വിസ്താരം ഈ മാസം 24ന് ആരംഭിക്കുമെന്ന് ജഡ്ജ് അറിയിച്ചു.
പത്രങ്ങളില്‍ വന്ന ഫോട്ടോകളില്‍ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം പത്രാധിപന്‍മാരെ സാ ക്ഷിപട്ടികയിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഫോട്ടോകളും സാക്ഷികളെ സ്വാധീനിച്ചെന്ന് തെളിയിക്കുയാണ് പ്രതിഭാഗത്തിന്റെ ലക്ഷ്യം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില സാക്ഷികളുടെ മൊഴികള്‍ ഖണ്ഡിക്കുന്നതിനും കുറ്റപത്രങ്ങളില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ പ്രതികള്‍ ഇല്ലെന്ന് സ്ഥാപിക്കുന്നതിനുമാണ് മറ്റ് സാക്ഷികളെ വിസ്തരിക്കുന്നത്.