Connect with us

National

മുങ്ങിക്കപ്പല്‍ അപകടം; കാരണം സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയായിരിക്കാം: റഷ്യ

Published

|

Last Updated

മുംബൈ: മുംബൈയിലെ നാവികസേനാ ആസ്ഥാനത്ത് സ്‌ഫോടനത്തില്‍ തകര്‍ന്ന മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന നാവികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ മുങ്ങിയ ഐ എന്‍ എസ് സിന്ധുരക്ഷക് എന്ന റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനിയിലെ പതിമൂന്ന് നാവികരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായിരിക്കാം സ്‌ഫോടനത്തിന് കാരണമെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യ നിര്‍മിച്ച് ഈയടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയ അന്തര്‍വാഹിനിക്കപ്പലിന്റെ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യ ചോദ്യമുയര്‍ത്തിയിരുന്നില്ലെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ പറഞ്ഞു. അപകടത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. സ്റ്റോറേജ് റൂമില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ഇത് വളരെ അപകടം പിടിച്ചതാണ്. അതിനാല്‍ തന്നെ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായിരിക്കാം അപകടത്തിന് കാരണം. അന്തര്‍വാഹിനിക്ക് കുഴപ്പമൊന്നുമില്ല. 15000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച കപ്പലിന് ഇതുവരെ സാങ്കേതിക തകരാറുണ്ടെന്ന് ഇന്ത്യ പരാതിപ്പെട്ടിട്ടില്ല. റൊഗോസിന്‍ പറഞ്ഞു. 1997ലാണ് റഷ്യ അന്തര്‍വാഹിനിക്കപ്പല്‍ നിര്‍മിച്ചു നല്‍കിയത്. അതേസമയം, കണ്ടെത്തിയ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പരിശോധന നടത്തി. സാരമായ പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ശേഖരിച്ച ഡി എന്‍ എ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്ന് നാവിക സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, അന്തര്‍ വാഹിനിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ച അഞ്ച് നാവികരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു പുറമെ ഡി എന്‍ എ സാമ്പിളും പല്ലും പരിശോധനക്കു വേണ്ടിയെടുത്തിട്ടുണ്ട്. ശരീരങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞിട്ടുണ്ടെങ്കിലും കേടുപാടുകള്‍ സംഭവിക്കാത്ത ചില കോശങ്ങള്‍ ഉണ്ടെന്ന് ആശുപത്രി അതികൃതര്‍ പറഞ്ഞു. തീപ്പിടിത്തവും വെള്ളത്തില്‍ മുങ്ങിയതും കാരണം ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest