Connect with us

Malappuram

മലയാള സര്‍വകലാശാല സംസ്ഥാനത്തിന്റെ സാംസ്‌കാരിക കേന്ദ്രമാകണം: ഗവര്‍ണര്‍

Published

|

Last Updated

തിരൂര്‍: മലയാള സര്‍വകലാശാല സംസ്ഥാനത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറണമെന്ന് കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍. തിരൂര്‍ വാക്കാട്ട് മലയാള സര്‍വകലാശാലയുടെ പഠനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും പുരോഗമിക്കാനുള്ള വേദിയാണിത്.
കേരളത്തിന്റെ വെളിച്ചമായി മാറാന്‍ കഴിയുന്ന ഈ സര്‍വകലാശാലയില്‍ പഠനത്തിനെത്തിയവര്‍ ശരിയായ വഴി തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേവലം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ ഭാഷ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വ്യാപിച്ച ഒരു മനോഹര ഭാഷയാണിതെന്നും മലയാളികള്‍ ഉള്ളയിടത്തെല്ലാം അതിന്റെ വ്യാപനം ദൃശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മനോഹരമായി സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരം ഒരുക്കിയ അണിയറ ശില്‍പ്പികളെ അദ്ദേഹം അഭിനന്ദിച്ചു.
അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. സര്‍വകലാശാലാ ആസ്ഥാന മന്ദിരമായ അക്ഷരം ക്യാമ്പസിന് സമീപം ഒരുക്കിയ പന്തലില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. മലയാള വര്‍ഷാരംഭമായ ചിങ്ങം ഒന്നിന് തന്നെ പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മൂട്ടി എം എല്‍ എ, വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, രജിസ്ട്രാര്‍ കെ പി ഉമര്‍ ഫാറൂഖ് പ്രസംഗിച്ചു.