Connect with us

Malappuram

'ആധാര്‍' രജിസ്‌ട്രേഷന് സിവില്‍ സ്റ്റേഷനില്‍ നാളെ മുതല്‍ കൂടുതല്‍ യൂനിറ്റ് തുടങ്ങും

Published

|

Last Updated

മലപ്പുറം: ആധാര്‍ രജിസ്‌ട്രേഷന് സിവില്‍ സ്റ്റേഷനില്‍ നാളെ മുതല്‍ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ ആനുകൂല്യങ്ങളും പെന്‍ഷനടക്കമുള്ള മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ആധാര്‍ ബന്ധിത ബേങ്ക് അക്കൗണ്ടുകളിലൂടെ മാത്രം നല്‍കുന്നതിനാല്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു.
ആധാര്‍ രജിസ്‌ട്രേഷന്‍ ഏജന്‍സിയായ ഓറിയന്റല്‍ ബേങ്ക് ഓഫ് കൊമേഴ്‌സാണ് കലക്ടറേറ്റ് സമ്മേളന ഹാളിന് സമീപം പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. നാളെ ആറ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. നിലവില്‍ രണ്ട് കൗണ്ടറാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ഇവയുടെ പകര്‍പ്പ് എന്നിവ സഹിതം എത്തിയാല്‍ രജിസ്‌ട്രേഷന്‍ നടത്താം. രാവിലെ 10 മുതല്‍ നാല് വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, ഗവ. ഫോട്ടോ ഐ ഡി കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആയുധ ലൈസന്‍സ്, ഫോട്ടോ പതിച്ച എ ടി എം കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, സ്വാതന്ത്ര്യ സമര സേനാനി രേഖ, കിസാന്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഗസറ്റഡ് ഓഫീസര്‍ നല്‍കിയ ഫോട്ടോ പതിച്ച കാര്‍ഡുകള്‍ എന്നിവ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം.ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയല്‍ സൂചകങ്ങളും കാര്‍ഡില്‍ രേഖപ്പെടുത്തും. ഇന്ത്യയില്‍ എവിടെയും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാം.
പൗരന്റെയും ആരോഗ്യരേഖ കൂടിയാണ് ആധാര്‍. ഓരോ ആശുപത്രി സന്ദര്‍ശനവും ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങള്‍ കാര്‍ഡിലേക്ക് ശേഖരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, സ്‌കൂള്‍ , ആശുപത്രികള്‍ എന്നിവിടങ്ങളിലും ഇവ ഉപയോഗിക്കാം.