Connect with us

Gulf

അനുഗ്രഹീത രാവ്: വിശ്വാസി മനസുകള്‍ പ്രാര്‍ഥനാ നിര്‍ഭരം

Published

|

Last Updated

ദുബൈ: ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് മസ്ജിദുകളും വീടുകളും സജീവം. ഖുര്‍ആനും ദുആയും രിസാലത്തുമൊക്കെ ആരംഭിച്ച, മനുഷ്യ ജീവിതത്തിലെ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടവും അനുഗ്രഹീതവുമായ ഈ രാവില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പള്ളികളില്‍ വിശ്വാസികള്‍ ധാരാളമായെത്തും.
റമസാന്‍ 20 ന് ശേഷം ഒറ്റപ്പെട്ട ദിവസങ്ങളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കണമെന്ന് പ്രവാചകര്‍ (സ) ഉണര്‍ത്തിയിട്ടുണ്ട്. റമസാന്‍ 27 ന് സാധ്യത ഏറെയാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഇഫ്താര്‍ ടെന്റുകളിലും മഗ്‌രിബ് നിസ്‌കാരത്തോടെ ജന നിബിഡമാകും.
ജോലി ദിവസമായതിനാല്‍ ജോലി കഴിഞ്ഞാലുടന്‍ ആളുകള്‍ പള്ളിയിലെത്തി ഇഅ്തികാഫിന്റെ നിയ്യത്തോടെ കഴിയും. ഖുര്‍ആന്‍ പാരായണവും തറാവീഹ് നിസ്‌കാര ശേഷമുള്ള തസ്ബീഹ് നിസ്‌കാരവും ഖത്തം ദുആയും തൗബയും എല്ലാം ഇഅ്തികാഫിലായി പൂര്‍ത്തിയാകും.

പുണ്യങ്ങളേറെയുള്ളതിനാല്‍ സകാത്തിന്റെ അവകാശികള്‍ക്ക് അതു കൊടുത്ത് വീട്ടുവാനും ഈ ദിവസം പലരും ഉപയോഗിക്കുന്നു. ദുബൈയിലെ മസ്ജിദുകളിലും അറബി വീടുകളില്‍ നിന്നും ദാനം ചെയ്യാനുള്ള ബിരിയാണിയും മറ്റു പലഹാരങ്ങളും എത്തും. ജ്യൂസും മറ്റു പാനിയങ്ങളും പഴവര്‍ഗങ്ങളും ദാനം നല്‍കുന്നതിനാല്‍ ഇതിന്റെ ഒരു കൂമ്പാരം തന്നെ പല മസ്ജിദുകളിലും കാണാം.
ദുബൈ ദേര ഖാലിദ് മസ്ജിദ്, അവീര്‍ മാര്‍ക്കറ്റ് മസ്ജിദ്, നാസര്‍ സ്‌ക്വയര്‍ ഇഷ്ടികപ്പള്ളി തുടങ്ങി എല്ലാ മസ്ജിദുകളിലും തറാവീഹ് നിസ്‌കാരശേഷം തസ്‌കിയത്ത് ക്യാമ്പും തസ്ബീഹ് നിസ്‌കാരവും ഉണ്ടാകും. പുലരുന്നതു വരെ ഇബാദത്തുകള്‍ കൊണ്ട് അനുഗ്രീത രാവിനെ സ്വീകരിച്ച് അത്താഴ ശേഷം സുബ്ഹി നിസ്‌കരിച്ചാണ് പലരും പിരിയുക.
അനാവശ്യ ചിന്തകള്‍ മാറ്റി കൂട്ടമായിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റിലും പ്രാര്‍ഥനയിലും മുഴുകിയാണ് ഈ രാവിനെ വിശ്വാസികള്‍ ധന്യമാക്കുന്നത്.

Latest