Connect with us

Palakkad

മഴക്കാലത്തും പാലുത്പാദനത്തില്‍ ഗണ്യമായ കുറവ്‌

Published

|

Last Updated

പാലക്കാട്: മഴക്കാലമായിട്ടും ജില്ലയിലെ പാല്‍ ഉത്പാദനത്തില്‍ നാമമാത്ര വര്‍ധന മാത്രം. മെയ് 31 ന് സംഘങ്ങള്‍ വഴി 65,973 ലിറ്ററും ബള്‍ക്ക് മില്‍ക്ക് കൂളര്‍ സ്ഥാപിച്ച സംഘങ്ങളില്‍ നിന്ന് ലോറികളിലൂടെ 72,000 ലിറ്ററും ഉള്‍പ്പെടെ 1,37,973 ലീറ്റര്‍ പാല്‍ പാലക്കാട് മില്‍മയിലെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മില്‍മയിലെത്തിയത് സംഘങ്ങളിലൂടെ 66,482 ലിറ്ററും ലോറികളിലൂടെ 84,000 ലീറ്റര്‍ പാലും ഉള്‍പ്പെടെ 1,50,482 ലീറ്റര്‍ മാത്രമാണ്. സംഘങ്ങളില്‍ നിന്നും 509 ലീറ്റര്‍ പാല്‍ മാത്രമാണ് വര്‍ധന വന്നിരിക്കുന്നത്. ലോറികളിലൂടെ എത്തുന്ന പാലിലാണ് അല്‍പ്പമെങ്കിലും വര്‍ധന വന്നിരിക്കുന്നത്. അട്ടപ്പാടി, പട്ടാമ്പി പ്ലാന്റുകളിലും 20,000 ലീറ്ററില്‍ താഴെ മാത്രമാണ് പാല്‍ എത്തുന്നത്. മെത്തത്തിലുണ്ടായ വര്‍ധന 12,509 ലീറ്റര്‍ മാത്രം.
മുന്‍ വര്‍ഷത്തെക്കാള്‍ കഴിഞ്ഞ വര്‍ഷം അരലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത്. മഴ പെയ്തതോടെ പാലുല്‍പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും കാര്യമായ മാറ്റം ഉണ്ടാകാത്തത് കര്‍ഷകരെ അലട്ടുന്നുണ്ട്. പാല്‍ ഉത്പാദനം കൂടാത്തത് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
മില്‍മക്ക് നല്‍കുന്ന പാലിന്റെ അളവനുസരിച്ചാണ് ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നത്. മില്‍മ കാലിത്തീറ്റയില്‍ 200 രൂപ സബ്‌സിഡി നല്‍കുന്നതാണ് കര്‍ഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്നത്. പശു വളര്‍ത്തലില്‍ കൂടുതല്‍ പേര്‍ വരാത്തതാണ് പാലുത്പാദനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാതിരിക്കാന്‍ കാരണമെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.

Latest