Connect with us

Kerala

സോളാര്‍ കേസ്: അന്വേഷണം അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: വെളിപ്പെടുത്തലുകളും രഹസ്യമൊഴികളും ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ചേര്‍ന്നതോടെ സോളാര്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയാതെ പ്രത്യേക അന്വേഷണ സംഘം കടുത്ത സമ്മര്‍ദത്തിലാണ്. അതേസമയം, തട്ടിപ്പില്‍ സര്‍ക്കാറിനോ മന്ത്രിമാര്‍ക്കോ പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ നേതാക്കളുടെ പേരും ഇവരുമായുള്ള അടുപ്പവും സരിത നായരും ബിജു രാധാകൃഷ്ണനും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുമായി ഇവര്‍ക്കൊന്നും ബന്ധമില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
ശാലു മേനോന്റെ അറസ്റ്റിനു ശേഷം നിര്‍ണായകമായ പുരോഗതി അന്വേഷണത്തില്‍ ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. ബിജുവിനെയും ശാലുവിനെയും സരിതയെയും ഒരുമിച്ച് ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും ഒരിഞ്ച് മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് കേസില്‍ ഒരു പങ്കുമില്ലെങ്കില്‍ പോലും ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുകയെന്നത് വലിയ കാര്യമല്ലെങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിന് മുതിരുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്കയാണ് അന്വേഷണ സംഘത്തിനും ആഭ്യന്തര വകുപ്പിനുമുള്ളത്.
ജോപ്പന്റെ അറസ്റ്റ് തന്നെ വന്‍കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ സലീം രാജിനെയും ജിക്കുമോനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പോലും പോലീസിനെ അകറ്റുകയാണ്. ഇനി കോടതി ഇടപെടല്‍ വരികയാണെങ്കില്‍ അതിന് അനുസരിച്ച് അന്വേഷണത്തിന്റെ ദിശ തീരുമാനിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ശ്രീധരന്‍ നായര്‍ കോന്നി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും സരിത നായര്‍ ഇന്നലെ നല്‍കിയ മൊഴിയിലും കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് 31 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ രണ്ട് കേസുകളുടെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്തും തളിപ്പറമ്പിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. ഇതില്‍ സരിത നായരും ബിജു രാധാകൃഷ്ണനും മാത്രമാണ് പ്രതികള്‍.
തട്ടിപ്പില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴുള്ള വിലയിരുത്തല്‍. ടീം സോളാറിനോ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കോ സര്‍ക്കാര്‍ സാമ്പത്തികമോ മറ്റേതെങ്കിലുമോ സഹായങ്ങള്‍ നല്‍കിയതിന് തെളിവില്ല. രാഷ്ട്രീയ നേതാക്കളുമായി പരിചയമുണ്ടെന്ന് സ്ഥാപിച്ചാണ് ബിജു രാധാകൃഷ്ണനും സരിതയും പലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചത്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവും തട്ടിപ്പിന് വേണ്ടി ഇവരെ സഹായിച്ചിട്ടില്ല. അതേസമയം തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം രാഷ്ട്രീയക്കാരില്‍ പലരും ഇടപെട്ട് ബിജു രാധാകൃഷ്ണന്‍, സരിത എന്നിവരില്‍ നിന്ന് പണം തിരികെ വാങ്ങി കബളിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപയോളം ഇങ്ങനെ തിരിച്ചു നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ചുള്ള വിശദീകരണവും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്.
ടീം സോളാര്‍ കമ്പനിയുടെ പരസ്യത്തിന് വേണ്ടി ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി രൂപയോളം ചെലവഴിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പരസ്യത്തിനും പ്രചാരണത്തിനുമായി രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും പങ്കെടുപ്പിച്ച് പല ചടങ്ങുകളും നടത്തി.
സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു ചടങ്ങുകള്‍. സീരിയല്‍, സിനിമാ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ബോധപൂര്‍വം പങ്കെടുപ്പിച്ചാണ് ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുത്തത്.
പരിപാടികളില്‍ പങ്കെടുത്തതിന് സിനിമാ, സീരിയല്‍ താരങ്ങള്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

Latest